തിരൂരങ്ങാടി: കൊടിഞ്ഞി ജി.എം.യു.പി. സ്‌കൂളിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി സ്‌കൂളിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ യു.എ. റസാഖ് സമര്‍പ്പിച്ച പരാതിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. പരാതിയെ തുടര്‍നടപടികള്‍ക്കായി പ്രാദേശിക സ്വയംഭരണ വകുപ്പ് (LSGD) ഡയറക്ടര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലുളള കൊടിഞ്ഞി ജി.എം.യു.പി. സ്‌കൂള്‍ വെറും 35 സെന്റ് ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1284 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായിട്ടും കളിസ്ഥലമോ അസംബ്ലിക്ക് വേണ്ട മുറ്റമോ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്നം.
ഭാവിയില്‍ ഹൈസ്‌കൂള്‍ അല്ലെങ്കില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളായി ഉയര്‍ത്താനുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ ഭൂമി ഏറ്റെടുക്കണമെന്ന് യു.എ. റസാഖ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. കൊടിഞ്ഞിയില്‍ തന്നെ ഭൂമി കണ്ടെത്തി, മതിയായ നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതായിരുന്നു മുഖ്യ ആവശ്യം. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് മുഖ്യമന്ത്രി എല്‍.എസ്.ജി.ഡി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിവിധ രേഖകളും സ്‌കൂളിന്റെ ആവശ്യഗതയും കൃത്യമായി സൂചിപ്പിച്ചു നല്‍കിയ പരാതിയിലെ നിരന്തരമുള്ള ഫോളോപ്പാണ് ഭൂമി ഏറ്റെടുക്കലിനുള്ള നിര്‍ദ്ധേശം മുഖ്യമന്ത്രിയില്‍ നിന്നും ലഭ്യമാകാനിടയായത്. വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും നേരത്തെ പരാതികള്‍ നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഴയ പരാതികളുടെ പകര്‍പ്പ് സഹിതം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
കുറഞ്ഞത് മൂന്ന് ഏക്കറ ഭൂമിയെങ്കിലും ഏറ്റെടുക്കാനും വയലാണെങ്കില്‍ അവ തരംമാറ്റുന്നതിന് അനുമതി നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭ്യമാക്കും. ആദ്യം സൗജന്യമായി ഭൂമി ലഭ്യമാകുമോ എന്ന് ശ്രമിക്കാനും അല്ലാത്ത പക്ഷം ആവശ്യമായ ഭൂമി സ്‌കൂള്‍ ആവശ്യത്തിനായി വിട്ടു നല്‍കുന്നവരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് മാര്‍ക്കറ്റ് വിലയോ, നഗ്വോസിയേഷന്‍ പര്‍ച്ചെയ്സോ ചെയ്യാനുമാണ് നിര്‍ദ്ധേശമുള്ളത്. ഭൂമിയുടെ ലഭ്യതക്കനുസരിച്ച് വില പിന്നീട് തീരുമാനിക്കാനാണ് നിര്‍ദ്ധേശം.
ഏതായാലും സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യമായ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ നാട്ടുകാര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചിരിക്കുകയാണ്. കൊടിഞ്ഞിയില്‍ സര്‍ക്കാര്‍ തലത്തില്‍ ഹൈസ്‌കൂളും ഹയര്‍ സെക്കണ്ടറി സ്‌കൂളും സ്ഥാപിക്കുക എന്നത് സ്വപ്നമാണ്. ആ സ്വപ്നത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണ് ഭൂമി കണ്ടെത്തുക എന്നത്. കൊടിഞ്ഞി ഒരു മികച്ച കളി ഗ്രൗണ്ടും ഹയര്‍സെക്കണ്ടറി സ്‌കൂളും സ്ഥാപിക്കുന്നത് വരെ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് യു.എ റസാഖ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




