Section

malabari-logo-mobile

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ; ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സുകളും പരിചയപ്പെടാം

HIGHLIGHTS : ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. 2011 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയില്‍ നിലവി...

ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. 2011 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയില്‍ നിലവില്‍ വന്ന ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നു. സംസ്ഥാന സര്‍ക്കാറും മികവുറ്റ പ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യ സുരക്ഷയ്ക്കായി മുന്നോട്ട് വക്കുന്നത്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ശീര്‍ഷകത്തില്‍ പുതിയ ക്യാമ്പയിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നേതൃത്വം നല്‍കുന്നു. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഭക്ഷ്യ വകുപ്പ് വിവിധ തരം ലൈസന്‍സുകളും രജിസ്ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്ട്രേഷന്‍ എന്ത്?

sameeksha-malabarinews

ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ് റഗുലേഷന്‍സ് 2011 പ്രകാരം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ കരസ്ഥമാക്കണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രണ്ട് തരമുണ്ട്. സ്റ്റേറ്റ് ലൈസന്‍സും സെട്രല്‍ ലൈസന്‍സും.

ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ ആര്‍ക്കൊക്കെ ?

2006-ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണമോ, വിതരണമോ, വില്പനയോ നടത്തുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് എടുക്കേണ്ടതാണ്. ആവശ്യമായ രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് എടുക്കാത്തവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

രജിസ്ട്രേഷന്‍ എങ്ങനെ ?

12 ലക്ഷം രൂപക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷന്‍ എടുക്കേണ്ടത്. നിലവില്‍ ഒരു വര്‍ഷത്തേക്ക് രജിസ്ട്രേഷന്‍ എടുക്കുന്നതിന് നൂറ് രൂപയാണ് ഫീസ്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനും ഒരു വര്‍ഷത്തേക്ക് നൂറ് രൂപ ഫീസ് നല്‍കണം. രജിസ്ട്രേഷന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്ഥാപനത്തിന്റെ വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ഹാജരാക്കണം.

സ്റ്റേറ്റ് ലെവല്‍ ലൈസന്‍സ്

വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം മുതല്‍ 20 കോടി വരെയുള്ളവര്‍, കാറ്ററിങ് യൂണിറ്റുകള്‍ എന്നിവര്‍ക്കാണ് സ്റ്റേറ്റ് ലെവല്‍ ലൈസന്‍സ് എടുക്കേണ്ടത്. ഇവരുടെ കാറ്റഗറി അനുസരിച്ച് 2,000 മുതല്‍ 5,000 രൂപ വരെയാണ് നിലവില്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ്. ലൈസന്‍സ് എടുക്കുന്നതിനായി ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുനിസിപ്പാലിറ്റി,പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ ആവശ്യമാണ്.

സെന്‍ട്രല്‍ ലൈസന്‍സ്

വാര്‍ഷിക വിറ്റുവരവ് 20 കോടിക്ക് മുകളിലുള്ളവര്‍, ഇ-കോമേഴ്സ് സംരംഭങ്ങള്‍ എന്നിവര്‍ക്കാണ് സെന്‍ട്രല്‍ ലെവല്‍ ലൈസന്‍സ് എടുക്കേണ്ടത്. ഇവര്‍ക്ക് 7500 രൂപയാണ് നിലവില്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ്. ലൈസന്‍സ് എടുക്കുന്നതിനായി ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, നഗരസഭ, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ ആവശ്യമാണ്. ഇതോടൊപ്പം എല്ലാ ഭക്ഷ്യ വ്യാപാരികളും അവര്‍ നല്‍കുന്ന ക്വാഷ് ബില്‍ രസീത് എന്നിവയില്‍ 14 അക്ക ലൈസന്‍സ്/രജിസ്ട്രേഷന്‍ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. കൃത്യമായ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!