കൊച്ചി : സ്വര്‍ണ്ണം വിഴുങ്ങിയെത്തിയ 4 തമിഴ്‌നാട് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. വിമാനം ഇറങ്ങിയ പ്രതികളിലൊരാള്‍ ഛര്‍ദ്ദിച്ചപ്പോള്‍ സ്വര്‍ണ്ണക്കോയിന്‍ പുറത്തു ചാടിയതോടെയാണ് ഇവര്‍ കസ്റ്റംസ് പിടിയിലായത്. തുടര്‍ന്ന് ഇവരെ എക്‌സറേ പരിശോധനക്ക് അയച്ചു.
തമിഴ്‌നാട് സ്വദേശികളാണിവര്‍. മെറ്റല്‍ ഡിറ്റക്റ്ററുള്ള വാതിലിലൂടെ പുറത്തിറങ്ങിയപ്പോള്‍ ഇവരുടെ ശരീരത്തില്‍ സ്വര്‍ണ്ണമുണ്ടെന്ന് സൂചന നല്‍കുന്ന ലൈറ്റ് തെളിഞ്ഞിരുന്നു. ഇതിനിടയില്‍ ഇവരുടെ ഒപ്പമുള്ള ഒരാള്‍ ഛര്‍ദ്ദിച്ചപ്പോള്‍ സ്വര്‍ണ്ണ കോയിന്‍ പുറത്ത് വരികയും ചെയ്തതോടെ ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ സ്വര്‍ണ്ണം വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്.
പ്രതികളില്‍ 3 പേര്‍ തമിഴ്‌നാട് രാമനാഥപുരം സ്വദേശികളും, ഒരാള്‍ ശിവഗംഗ സ്വദേശിയുമാണ്. എക്‌സറേ പരിശോധന പൂര്‍ത്തിയായ ശേഷമേ എത്ര സ്വര്‍ണ്ണം വിഴുങ്ങിയിട്ടുണ്ടെന്ന് വ്യക്തമാകൂ എന്ന് കസ്റ്റംസ് അറിയിച്ചു. നേരത്തെ തിരുച്ചിറപ്പള്ളി വഴി നിരവധി തവണ സ്വര്‍ണ്ണം കടത്തിയ ഇവര്‍ ആദ്യമായാണ് നെടുമ്പാശ്ശേരി സ്വര്‍ണ്ണം കടത്തിയതെന്നാണ് ആദ്യ വിവരം. അതേസമയം ഇതിനു മുമ്പും നിരവധി തവണ പ്രതികള്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു.



