പത്തനംതിട്ട : കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന് വെന്നിക്കൊടി. ആറന്‍മുളയിലെ തണ്ണീര്‍ത്തടങ്ങളും, വയലുകളും നികത്തി വിമാനത്താവളം പണിയാനുള്ള അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ധാക്കി. എന്തു വിലകൊടുത്തും ആറന്‍മുളയില്‍ വിമാനത്താവളം സ്ഥാപിക്കുമെന്ന കെജിഎസ് കമ്പനിയുടെയും, സര്‍ക്കാരിന്റെയും നീക്കത്തിനേറ്റ തിരിച്ചടി കൂടി ആണ് ഈ വിധി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയാണ് റദ്ധാക്കിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ലെന്ന് ട്രൈബ്യൂണല്‍ വിധിച്ചിട്ടുണ്ട്. കെജിഎസ് ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പടര്‍ത്തി എന്നും ട്രൈബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും ഹരിത ട്രൈബ്യൂണല്‍ തള്ളിയിട്ടുണ്ട്. ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് സുഗതകുമാരി അഭിപ്രായപ്പെട്ടു. വിധി സ്വാഗതാര്‍ഹമാണെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും നെല്‍വയല്‍ നികത്തുന്ന മാഫിയക്കുമേറ്റ തിരിച്ചടിയാണ് വിധിയെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.



