ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം:സ്‌കാനിങ് പരിശോധന കര്‍ശനമാക്കും

മലപ്പുറം: ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം നടത്തുന്നതിനെതിരെ ജില്ലയിലെ സ്‌കാനിങ് സെന്ററുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ ജില്ലാതല അവലോകന-അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ജില്ലയില്‍ നിലവിലുള്ള എല്ലാ സ്‌കാനിങ് സ്ഥാപനങ്ങളും പി.സി.പി.എന്‍.ഡി.ടി. നിയമം കൃത്യമായി നടപ്പാക്കണം. എം.ആര്‍.ഐ സ്‌കാനിങ് സെന്ററുകള്‍ക്കും പി.എന്‍.ടി.ഡി ആക്ട് പ്രകാരമുള്ള ലൈസന്‍സ് നിര്‍ബന്ധമാണ്. ആക്ട് പ്രകാരമുള്ള രേഖകളും രജിസ്റ്ററുകളും സെന്ററുകള്‍ കൃത്യമായി പരിപാലിക്കണം. നിയമത്തെക്കുറിച്ച് മലയാളത്തിലുള്ള ബോര്‍ഡ് എല്ലാ സ്‌കാനിങ് സെന്ററിലും പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം. ഇതിന് തടസം നില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. ചില സ്ഥാപനങ്ങളില്‍ പി.സി.പി.എന്‍.ഡി.ടി നിയമത്തെ കുറിച്ചുള്ള ബോര്‍ഡ് പേരിന് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. സെന്റര്‍ നടത്തിപ്പുകാര്‍ക്ക് നിയമവുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കും. ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ രജിസ്‌ട്രേഷനും നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയില്‍ പുതുതായി നാല് സ്‌കാനിങ് സെന്ററുകള്‍ തുടങ്ങുന്നതിനും യോഗം അനുമതി നല്‍കി. യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി, ഡോ. എസ്. മിനി, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി. രാജു, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.പി അബ്ദുറഹ്‌മാന്‍ ഹനീഫ്, ബീനാ സണ്ണി, ഡോ. സജ്‌ന മോള്‍ ആമിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top