ഗാസ : ഗാസയില്‍ ഇസ്രായേല്‍ രൂക്ഷമായ കരയാക്രമണം ആരംഭിച്ചു. ആക്രമണത്തില്‍ 18 വയസ്സില്‍ താഴെയുള്ള 15 പേരടക്കം 58 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ രണ്ടാഴ്ചയായി നീണ്ടു നിന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 307 ആയി.
അതേസമയം ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പറഞ്ഞു. ഹമാസിനെതിരെയാണ് നീക്കമെന്ന് ഇസ്രായേല്‍ പറയുമ്പോഴും കൊല്ലപ്പെടുന്നവരില്‍ ഏറെയും നിരപരാധികള്‍ തന്നെയാണ്. വ്യോമാക്രമണം തുടങ്ങിയ ശേഷം ഇതുവരെ ഗാസയില്‍ രണ്ടായിരത്തോളം ബോംബുകളാണ് ഇസ്രായേല്‍ വിമാനങ്ങള്‍ പ്രയോഗിച്ചിരിക്കുന്നത്.
ഗാസയില്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം 40,000 ത്തിലേറെയാണെന്നാണ് യു എന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം കരയുദ്ധം വ്യാപിപ്പിക്കുന്നതില്‍ മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ഗാസയിലെ വിമാനത്താവളത്തിന് നേരെയും, ആശുപത്രിക്ക് നേരെയും ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തി.




