കൊച്ചി; ഫോട്ടോ ഷൂട്ടിന് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സലീംകുമാര്‍(33) ആണ് പിടിയിലായത്. ഈ കേസില്‍ പ്രതികളെന്ന് കരുതുന്ന അജ്മല്‍, ഷമീര്‍ എന്നിവരെ പോലീസ് തിരയുകയാണ്.
ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള ദിവസങ്ങളിലാണ് യുവതി പീഡനത്തിനിരയായത്. കാക്കനാടുള്ള സ്റ്റുഡിയോയില്‍ ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ മുന്‍പരിചയക്കാരനായ സലീം കുമാര്‍ താമസ സൗകര്യം ശരിയാക്കി നല്‍കുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ കൂട്ടുകാരുമൊത്ത് പീഡിപ്പിക്കുകയായിരുന്നു.
യുവതിക്ക് കുടിക്കാന്‍ നല്‍കിയ പാനിയത്തിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ദ്ധമയക്കത്തിലാക്കിയ ശേഷമായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.



