തിരുവനന്തപുരം; വഖഫ് ബോര്‍ഡ് വിഷയത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തും.
മറ്റ് മുസ്ലീം സംഘടനകള്‍ക്ക് ചൊവ്വാഴ്ച ചര്‍ച്ചക്ക് ക്ഷണമില്ല. ചൊവ്വാഴ്ച 11 മണിയോടെയായിരിക്കും ചര്‍ച്ച.സമസ്തയുടെ ഭാഗത്ത് നിന്നും അഞ്ചുപേരായിരിക്കും പങ്കെടുക്കുക.
വഖഫ് നിയമന വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ മുസ്ലീം സംഘടനകള്‍ കഴിഞ്ഞ വെള്ളിയാഴ്ച പളളികളില്‍ ജുമഅ ക്ക് ശേഷം സര്‍ക്കാരിനെതിരെ വിശദീകരണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സമസ്ത പള്ളികളിലെ പ്രതിഷേധ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഈ വിഷയം സമസ്തയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുസ്ലീംലീഗ് ഡിസംബര്‍ 9ാംതിയ്യതി കോഴിക്കോട്ട് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനിരിക്കെ, മുഖ്യമന്ത്രിയും സമസ്തയുമായുള്ള ചര്‍ച്ച ഏറെ രാഷ്ട്രീയ പ്രസക്തിയുള്ളതാണ്.
ചര്‍ച്ചയില്‍ ഖഫ് ബോര്‍ഡിന് കീഴിലുള്ള തസ്തികളിലേക്കുള്ള നിയമനം പിഎസ് സിക്ക് വിട്ട നടപടി പിന്‍വലിക്കണം എന്ന് തന്നെയായിരിക്കും സമസ്ത ആവിശ്യപ്പെടുക. ദേവസ്വം ബോര്‍ഡ് നിയമനം പോലെ ഒരു പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ സാധ്യതയും ചര്‍ച്ചയില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.



