പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നാട്ടിലേക്ക് ട്രെയിന്‍ കയറ്റിവിടാന്‍ ശ്രമം; നാല് യുപി സ്വദേശികളെ പിടികൂടി ആര്‍പിഎഫ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്ത് പിന്നീട് നാട്ടിലേക്ക് ട്രെയിന്‍ കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെ യുപി സ്വദേശികളായ നാലംഗ സംഘം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിടിയിലായി. യുപി സ്വദേശികളായ ഇക്‌റാല്‍ ആലം(18), അജാജ്(25), ഇര്‍ഷാദ്(23), ഷക്കീല്‍ ഷാ(42) എന്നിവരാണ് കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോറത്തില്‍ നടത്തിയ പരിശോധനയില്‍ ആര്‍പിഎഫിന്റെ പിടിയിലായത്.

സംഭവത്തെ പറ്റി ആര്‍പിഎഫ് പറയുന്നതിങ്ങനെ. യുപി സ്വദേശിനിയായ പെണ്‍കുട്ടി ഉത്തര്‍പ്രദേശില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെ പരിചയപ്പെട്ട യുവാവ് ബലമായി പെണ്‍കുട്ടിയെ പാലക്കാട്ടെത്തിച്ച് പിന്നീട് ബസ്സില്‍ കോഴിക്കോട്ടെത്തിക്കുകയും, പാളയം ബസ് സ്റ്റാന്‍ഡിന് പുറകുവശത്തുള്ള ഇയാളുടെ താമസസ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് ഇന്നലെ പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തിരികെ നാട്ടിലേക്ക് പോകാന്‍ ആവിശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് പ്ലാറ്റ്‌ഫോറത്തില്‍ പരിശോധന നടത്തുകയായിരുന്ന ആര്‍പിഎഫ് സംഘം സംശയം തോന്നി ചോദ്യം ചെയ്തപ്പോളാണ് വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ നിയമാനുസരണം ചൈല്‍ഡ് ലൈനിന് വിവരമറിയിച്ച് കൈമാറി. പ്രതികളെ മേല്‍ നടപടികള്‍ക്കായി കോഴിക്കോട് കസബ പോലീസിന് കൈമാറി.

ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്ര കുമാര്‍, എസ്‌ഐമാരായ എംപി ഷിനോജ് കുമാര്‍, അപര്‍ണ അനില്‍കുമാര്‍, എഎസ്‌ഐമാരായ ജിഎസ് അശോക്, ശ്രീനാരായണന്‍, കോണ്‍സ്റ്റബിള്‍മാരായ പികെ ഷെരി, ടി. വിജേഷ്,സജിത് വനിതാ കോണ്‍സ്റ്റബിള്‍ ഷില്‍ന എന്നവരടങ്ങിയ ആര്‍പിഎഫ് സംഘമാണ് നടപടികള്‍ സ്വീകരിച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top