ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്ന് വീണു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: കോതമംഗലം അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്ന് വീണു. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി കെട്ടിയ താല്‍ക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് അപകടം ഉണ്ടായത്.

അടിവാട് മാലിക്ക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്‌സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂര്‍ണമെന്റിനിടെയായിരുന്നു അപകടം. ഇന്ന് മത്സരത്തിന്റെ ഫൈനലായിരുന്നു. കവുങ്ങിന്റെ തടികൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഗാലറിയാണ് തകര്‍ന്നത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് വിജയികള്‍ക്കുള്ള ട്രോഫിയുമായി സംഘടകര്‍ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. പ്രവേശന ടിക്കറ്റിന് 50 രൂപയായിരുന്നു.

പരിക്കേറ്റവരെ മൂവാറ്റുപുഴയിലും കോത മംഗലത്തുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ 22 ഓളം പേരെ ആശുപത്രിയിലെത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം. 15 പേര്‍ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും 5 പേര്‍ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലും ചികിത്സയിലാണ്. 2 പേരെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top