Section

malabari-logo-mobile

സ്വാതന്ത്ര്യസമരവും പരപ്പനങ്ങാടിയും

HIGHLIGHTS : Freedom struggle and Parapanangadi

എഴുത്ത് : നാരായണന്‍ അത്തോളി

രഘുപതിരാഘവരാജാറാം ..
പതീതപാവന സീതാറാം..
ഈശ്വറ് അള്ളാ തേരോനാം..
സബ്‌കോ സന്‍മതി ദേ ഭഗവന്‍…
കോട്ടത്തൊടിയിലെ കോലായിലിരുന്ന് വള്ളിയമ്മായി പാടുന്നു ! സ്വാതന്ത്ര്യ
സമരം കൊടുമ്പിരി കൊണ്ട കാലത്ത് സ്‌കൂളില്‍ വെച്ച് പാടി പതിഞ്ഞ ദേശസ്‌നേഹ ഗാനം അവര്‍ മറന്നിട്ടില്ല… മനസ്സ് ചെറുതായി ചഞ്ചലപ്പെട്ട അവസ്ഥയില്‍ ചികിത്സ ക്കായി അച്ഛാച്ചന്റടുത്ത് വന്നതാണ്..
സ്വതന്ത്രൃം കിട്ടി പത്ത് വര്‍ഷം കഴിഞ്ഞ ശേഷമാണ് ആഗസ്റ്റ് 15 ന്റെ പ്രാധാനൃം എന്റെ അറിവിലെത്തുന്നത് . അന്ന് സ്‌കൂള്‍ ഒഴിവാണ് , രാവിലെ നേരത്തേ പതാക ഉയര്‍ത്തല്‍ സ്‌കൂളിലെ എല്ലാ കുട്ടികളും ഹാജരാകും . ഇന്നത്തെ പോലെ മിഠായി വിതരണമോ പായസം വിളമ്പലോ അന്നില്ല ? എന്നാലും എല്ലാവരും ഹാജര്‍ . പാവപ്പെട്ട വാദ്ധൃാന്‍മാര്‍ക്കും രക്ഷിതാ ക്കളള്‍ക്കും മിഠായിയൊന്നും വാങ്ങി വിതരണം ചെയ്യാനുള്ള പാങ്ങില്ല ?
സ്വാതന്ത്ര്യം എന്തെന്നറിയാത്ത നിരക്ഷര കുക്ഷികളായ ഭൂരിപക്ഷ ജനത.. ഖിലാഫത്ത് കൊടുമ്പിരി കൊണ്ട 1921 ലും ഇവിടെ ആരും സമരത്തിന്
പോയില്ല … ഇവിടത്തെ ജന്മികുടുംബങ്ങള്‍ രാജഭരണം അവസാനിച്ചതോടെ ബ്രിട്ടീഷ് അനുചരരായി.. വെള്ളക്കാര്‍ റാവുബഹദൂര്‍ പട്ടവും ഖാന്‍ സാഹിബ് പട്ടവും മറ്റ് സര്‍ക്കാര്‍ ജോലിയും കൊടുത്ത് അവരെ മയക്കി കിടത്തി !
ക്വിറ്റിന്തൃാ കാലഘട്ടമായപ്പോഴേക്കും മുഹമ്മദ്അബ്ദുറഹിമാന്‍ സാഹിബിന്റേയും , കേളപ്പന്‍ ,മൊയ്തു മൗലവി തുടങ്ങിയ വരുടെയും പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി.. അവരുടെ അനുയായികളായി കുറച്ച് ചെറുപ്പക്കാര്‍ സമര സന്നദ്ധരായി ! ഇവരില്‍ കുറച്ചുപേര്‍ തീവ്രസ്വഭാവ ക്കാരായിരുന്നു ?
പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ ഒരു വീട് ബോംബിന്റെ വീട് എന്നാണറിയപ്പെട്ടി രുന്നത് . കുട്ടിക്കാലത്ത് അങ്ങോട്ട് നോക്കുന്നതേ പേടിയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് നഹയുടെ വീടാണത് ( ഇന്നവിടം ശൂനൃം )
സ്വാതന്ത്ര്യ സമരം തലയില്‍ കയറിയ എസ് എന്‍ വള്ളിയില്‍ ,മുഹമ്മദ് നഹ , ബോബ് തങ്ങള്‍ തുട്ടങ്ങിയവര്‍ ഫറോക്ക് റെയില്‍വേ പാലത്തിന് ബോംബ് വെക്കാനുള്ള തീവ്രശമത്തില്‍ പങ്കാളികളായി . കീഴരിയൂരിലാണ് ബോംബ് നിര്‍മ്മിച്ചത് ആദൃം വെച്ചത് വണ്ടി വരും മുമ്പേ കത്തി . തീ കത്തുന്നത് കണ്ട് ഡ്രൈവര്‍ പാലത്തിന് മുമ്പേ വണ്ടി നിര്‍ത്തി . ബോംബ് നിര്‍മ്മാണം ശരിയായില്ല . വീണ്ടും ബോംബ് നിര്‍മ്മിക്കാന്‍ സാധന സാമഗ്രികള്‍ അഞ്ചപ്പുരയിലെ നഹയയുടെ തറവാട്ട് വക കെട്ടിടമായ കാസ്മീസ് ജുവലറിയുടെ മൂന്നാം നിലയില്‍ സമാഹരിച്ചു . റെയല്‍വേ സ്റ്റേഷനിലെത്തുന്നവ അഞ്ചപ്പുരയില്‍ ചുമന്നെത്തിച്ചിരുന്നത് പോര്‍ട്ടര്‍ മാന്വാക്കയായിരുന്നു. നെടുവക്കാരനായ എസ്എന്‍ വള്ളിയില്‍ ബോംബ് നിര്‍മ്മാണത്തി നുള്ള വസ്തുക്കളടങ്ങിയ സൃൂട്ട് കേസുമായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പോലീസിന്റെ പിടിയിലായി.
ഭീകരമര്‍ദ്ദകനായ അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ കുങ്കന്‍ നായര്‍ പട്ടികകൊണ്ടടിച്ച് എസ് എന്‍ വള്ളീലിനെ മൃതപ്രായനാക്കി , അറസ്റ്റ് ചെയ്ത് ഇടി വണ്ടിയിലിട്ട് കൊണ്ടു പോയി ജയിലിലാക്കി . കാസ്മീസ് കെട്ടിടം പരിശോധിച്ച് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കസ്റ്റഡിയിലാക്കി , കൂടെ മുഹമ്മദ് നഹയും ,തങ്ങളും അറസ്റ്റിലായി. എല്ലാവരും ഭീകര മര്‍ദ്ദനത്തിനിരയായി.

sameeksha-malabarinews

ഹരിജനോദ്ധാരണം .
————————————
അഞ്ചപ്പുരയിലെ കേളുക്കുട്ടി ചെട്ടൃാരുടെ തുണിപീടികക്ക് മുകളില്‍ ഒരു സ്‌കൂള്‍ സ്ഥാപിതമായി ‘രാമാനുജം സ്‌കൂള്‍ ‘ രാമന്‍ മാഷും അനുജന്‍ അച്ചുതന്‍മാഷുമാണ് അതിന്റെ നടത്തിപ്പുകാര്‍ . ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഹരിജനോദ്ധാരണപ്രവര്‍ത്തനമാണ് അവര്‍ നടത്തിയിരുന്നത് ! ഹരിജന്‍ കുട്ടികളേയും( ഇന്നത്തെ ദളിത് ) മറ്റ് പാവപ്പെട്ട കുട്ടികളേയും വിദൃാഭൃാസം ചെയ്യിക്കലാണ് ലക്ഷൃം . രാവിലെ എണ്ണ , പൂച്ചാസോപ്പ് , ബക്കറ്റില്‍ കുമ്മായം കലക്കിയത് , ചൂടി ബ്രഷ് തുടങ്ങിയവയുമായി കുട്ടികളെ തേടി അവരിറങ്ങും . ചളിയിലും ചീരാപ്പിലും ,ചിരങ്ങിലും കുളിച്ച കിടാങ്ങളെ കുളിപ്പിച്ച് കോണാ കുന്തന്മാരെ കോണകമുടുപ്പിക്കും ! കുമ്മായം തേക്കാന്‍ അവകാശമില്ലാ ത്ത ചെറുമച്ചാളകളുടെ ചളിച്ചുമരുകള്‍ കുമ്മായം തേച്ച് വെളുപ്പിക്കും ?
കുട്ടികളെ സ്‌കൂളിലെത്തിച്ച് പഠിപ്പിക്കും . അവരില്‍ ചിലര്‍ പഠിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധൃാപകരായി . രാമന്‍മാഷ് , കോരന്‍ മാഷ് , മാധവന്‍ മാഷ് തുടങ്ങിയവരാണ് ആ പരമ്പരയിലെ ആദൃകണ്ണികള്‍ .രാമന്‍മാഷും കോരന്‍ മാഷും മരിക്കുംവരെ കോണ്‍ഗ്രസ്സായിരുന്നു. മാധവന്‍മാഷ് കമ്മൃൂണിസ്റ്റും.

രാമാനുജം സ്‌കൂളിലെ അദ്ധൃാപക നായതിനാലാണ് യൂ വി കരുണാകരന്‍ കരുണാകരന്‍ മാഷായത് .. പിന്നീട് അദ്ദേഹം MSP യില്‍ ചേര്‍ന്നു . അവിടെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ കലാപത്തില്‍ പങ്കെടുത്തതിനാല്‍ ജോലി നഷ്ടപ്പെട്ട് ദാരിദ്രൃത്തിലായി . അദ്ദേഹം ഷര്‍ട്ടുപേക്ഷിച്ചു .. സ്വന്തമായി അദ്ധ്വാനിച്ച് വാങ്ങിയേ ഇനി ഷര്‍ട്ടിടൂ എന്ന് പ്രഖൃാപിച്ചു.

പരപ്പനങ്ങാടിക്കാരനായ എന്‍ പി അബുവിന്റെ (സാഹിതൃകാരര്‍ എന്‍പി മുഹമ്മദിന്റെ പിതാവ് ) സ്വാതന്ത്ര്യസമര പ്രവര്‍ത്തനമണ്ഡലം കോഴിക്കോടായിരുന്നു …. മൊയ്തു മൗലവിക്കൊപ്പം.

കോയക്കുഞ്ഞി നഹ , സീ എം യജ്ഞമൂര്‍ത്തി നമ്പൂതിരിപ്പാട് , ശങ്കരന്‍ കുട്ടി നായര്‍ തുടങ്ങിയവരും സ്വാതന്ത്ര്യസമര സേനാനികളാണ് . മറ്റൊരാള്‍ ചിറമംഗലത്തെ കെസീകെ നഹ ( കിഴക്കിനിയകത്ത് ചെറിയ കുഞ്ഞാലി നഹ ) ഈഎം എസ്സിന്റെ സഹപ്രവര്‍ത്തക നായിരുന്നു . കോഴിക്കോട്ട് ഉപ്പ് കുറുക്കാന്‍ പോയപ്പോള്‍ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ ആസ്ഥാനം അടുത്ത നേതാവിനെ ഏല്‍പിക്കും. ഈഎം എസ്സിനെ അറസ്റ്റ് ചെയ്തപ്പോള്‍ കൃാപ്റ്റനായത് കെസി കെ നഹ യായിരുന്നു . വള്ളിയില്‍ ഗൗരിയും സ്വാതന്ത്ര്യസമര സേനാനിയായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി വര്‍ഷത്തില്‍ സമരസേനാനികള്‍ക്ക് താമ്രപത്രവും പെന്‍ഷനും നല്‍കി ആദരിച്ചിരുന്നു . അതില്‍ പ്രധാന നിബന്ധന ജയില്‍ വാസമനുഭവിക്ക ണം എന്നായിരുന്നു. സ്വാതന്ത്ര സമത്തില്‍ പങ്കടുത്ത പലരും ഒളിച്ച് മാറി പോലീസ് പിടിയിലാകാതെ നടന്നു അവരെ പരിഗണിച്ചില്ല . പിന്നീട് താമ്രപത്രം കിട്ടിയവര്‍ ശുപാര്‍ശ ചെയ്താല്‍ മതി എന്നായി . അങ്ങിനെ യഞ്ജമൂര്‍ത്തി നമ്പൂതിരിപ്പാടിനും കരുണാകരന്‍ മാഷ്‌ക്കും വേറെ ചിലര്‍ക്കും പെന്‍ഷന്‍ കിട്ടി.

സാധുമനുഷൃനായ പോര്‍ട്ടര്‍ മാന്വാക്കാക്ക് പെന്‍ഷന്‍ ലഭിച്ചില്ല .. അതിനെ പറ്റി അന്വേഷിച്ചപ്പോള്‍ മാന്വാക്കപറഞ്ഞു ‘പെന്‍ഷന്‍ കിട്ടാനൊന്നും അല്ലല്ലോ സമരത്തില്‍ പങ്കെടുത്തത് … അതിലൊന്നും വല്ലൃ കരൃല്ലൃാ ” അവസാനകാലത്ത് ചുമടെടുക്കാനാകാത്ത ഒരു സമയത്ത് അദ്ദേഹത്തിനത് ഒരു താങ്ങാകുമായിരന്നല്ലോ.. ? ( ഈഎംഎസ്സ് പെന്‍ഷന്‍ വാങ്ങിയില്ല )

നാട്ടിലുണ്ടാകുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കും റോഡുകള്‍ക്കും ചിലരുടെ പേരുകള്‍ മാത്രം എംഎല്‍എ , മന്ത്രി ,പഞ്ചായത്ത് മെമ്പര്‍….
സ്വാതന്ത്ര്യം നേടാന്‍ നല്ലകാലത്ത് കടുത്ത മര്‍ദ്ദനമേറ്റ് ചോരതുപ്പി ഒന്നും നേടാതെ കാലയവനികക്കുള്ളില്‍ മറഞ്ഞവര്‍ ഓര്‍ക്കപ്പെടുമോ പരപ്പനങ്ങാടിയില്‍ ??

എന്‍ബി. ഇത് കേട്ടറിവ് വെച്ചുള്ള രചനയാണ് തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുമല്ലോ ?
* ചിലവാക്കുകള്‍ കാലതത്തിനനുസരിച്ച് ചേര്‍ത്തത്
* കടപ്പാട് രാധാകൃഷ്ണന്‍ അത്തോളി , ടി നാരായണന്‍ കുട്ടി .

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!