ഭിന്നശേഷിക്കാര്‍ക്കായ് സൗജന്യ കോഴ്‌സ്

മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് ഡിജിറ്റല്‍ ലോകത്ത് തൊഴില്‍ കണ്ടെത്തുന്നതിന് പരപ്പങ്ങാടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്സ് ഫൗണ്ടേഷനും ഇഡാപ്റ്റ് ലേണിങ് ആപ്പും സംയുക്തമായി കോഡിങ്/ പ്രോഗ്രാമിങ് പരിശീലനമൊരുക്കുന്നു. പ്രോഗ്രാമിങിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി ഇന്ന് വിപണിയില്‍ ഏറെ സാധ്യതകളുള്ള 10 കോഡിങ് പ്ലാറ്റ്ഫോമുകളെ പരിചയപ്പെടുത്തുകയും തൊഴില്‍ നൈപുണ്യം ആര്‍ജിക്കാന്‍ അവസരം ഒരുക്കുന്നതുമാണ് പദ്ധതി. ഗെയിം, വെബ്സൈറ്റുകള്‍, ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന മറ്റു സേവനങ്ങള്‍, ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഈ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണെന്നിരിക്കേ വലിയ തൊഴില്‍ സാധ്യതയുള്ള മേഖല ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി പരിചയപ്പെടാനാകും.

ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന നൂറ് പേര്‍ക്കായിരിക്കും പരിശീലനം നല്‍കുക. മൂന്ന് മാസമാണ് പരിശീലനം. അഞ്ച് മണിക്കൂര്‍ മുതല്‍ 25 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള കോഴ്സ് ഓണ്‍ലൈന്‍ വഴിയായിരിക്കും. 10 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുക. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഫെയ്സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി.കെ അന്‍വര്‍ നഹ, ഇഡാപ്റ്റ് സി.ഇ.ഒ ഉമര്‍ അബ്ദുസലാം, ഫെയ്സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എം അബ്ദുസമദ്, ട്രഷറര്‍ സി.ടി അബ്ദുനാസര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.

 

 

 

Share news
error: Content is protected !!
Scroll to Top