വള്ളിക്കുന്ന്: വള്ളിക്കുന്നിലും അരിയല്ലൂരിലും രണ്ട് സഹകരണ ബാങ്കുകളില്‍ നിന്നുമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു.
വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയില്‍ നിന്ന് മുക്കുപണ്ടം വെച്ചു 24 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.വള്ളിക്കുന്ന് ആനങ്ങാടി സ്വദ്ദേശിനിയാണ് ഇത്തരത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തെന്ന് കാണിച്ച് ബാങ്ക് അധികൃതര്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസിലായത്.
2021 നവംബര്‍ മുതല്‍ വിവിധ സമയങ്ങളിലായി 90ഓളം പവന്‍ സ്വര്‍ണ്ണം വെച്ചാണ് ഇവര്‍ 24 ലക്ഷം രൂപ സ്വര്‍ണ വായ്പ എടുത്തിട്ടുള്ളത്. ബാങ്കില്‍ വായ്പ്പക്ക് വരുമ്പോള്‍ അവര്‍ കൊണ്ട് വരുന്ന സ്വര്‍ണം പരിശോധിക്കാന്‍ അപ്രൈസര്‍ നിലവില്‍ ഇല്ല. വായ്പ വെച്ച സ്വര്‍ണ്ണം പിന്നീട് ബാങ്ക് അധികൃതര്‍ പരിശോധിക്കുകയാണ് പതിവ്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് പണയം വെച്ച സ്വര്‍ണം മുക്കുപണ്ടം ആണെന്ന് മനസിലായത്.
അരിയല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 23 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.വള്ളിക്കുന്ന് സഹകരണ ബാങ്കില്‍ മുക്കുപണ്ടം വെച്ച് പണം തട്ടിയ അതേ സ്ത്രീ തന്നെയാണ് അരിയല്ലൂര്‍ ബാങ്കിലും മുക്കുപണ്ടം വെച്ചു പണം തട്ടിയെടുത്തതെന്നാണ് വിവരം. 2018 മുതല്‍ ഇവര്‍ അരിയല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്ന് സ്വര്‍ണ ഉരുപ്പടികള്‍ വെച്ചു വായ്പ എടുക്കുന്നുണ്ട്.
സംഭവത്തില്‍ വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് അധികൃതരും അരിയല്ലൂര്‍ സഹകരണ ബാങ്ക് അധികൃതരും പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.




