കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കാലിക്കറ്റില്‍ അന്താരാഷ്ട്ര ന്യൂക്ലിയര്‍ ഫിസിക്‌സ് സമ്മേളനം തുടങ്ങി

കാലിക്കറ്റില്‍ അന്താരാഷ്ട്ര ന്യൂക്ലിയര്‍ ഫിസിക്‌സ് സമ്മേളനം തുടങ്ങി

വികസിത രാജ്യങ്ങളുമായി തുലനം ചെയ്യപ്പെടാന്‍ നമ്മുടെ സമൂഹത്തിലെ ഗവേഷകരുടെ എണ്ണം ഇനിയും ഉയരേണ്ടതുണ്ടെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാല ഫിസിക്‌സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ന്യൂക്ലിയര്‍ ഫിസിക്‌സ് അന്താരാഷ്ട്ര ഓണ്‍ലൈന്‍  സമ്മേളനം ”ന്യൂക്ലീയാരിസ് 2022” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം തന്നെ ഗവേഷണം ആണെന്നും ആണാവോര്‍ജ്ജ മേഖലയും ഇലക്ട്രോണിക്‌സ് മേഖലയും മറ്റെല്ലാ ഭൗതികശാസ്ത്ര സങ്കേതങ്ങളും കൂട്ടായി പരിശ്രമിച്ചെങ്കില്‍ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിസിക്‌സ് പഠന വിഭാഗം മേധാവി ഡോ.സി. ഡി രവികുമാര്‍ അദ്ധ്യക്ഷനായി. ഈ വര്‍ഷം പഠനവകുപ്പില്‍ നിന്നും വിരമിക്കുന്ന പ്രൊഫ. ആന്റണി ജോസഫിനോടുള്ള ആദരസൂചകമായാണ് പരിപാടി. പ്രൊഫ. എം. എം മുസ്തഫ, പ്രൊഫ. ആന്റണി ജോസഫ്, പ്രൊഫ. പി. പി പ്രദ്യുമ്‌നന്‍, പ്രൊഫ. എം. ഷാഹിന്‍ തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനം 24-ന് സമാപിക്കും.

 

ഗവേഷണഫലങ്ങള്‍ രാജ്യപുരോഗതിയെ സ്വാധീനിക്കണം – ഡോ. എം. നാസര്‍

രാജ്യപുരോഗതിക്ക് സഹായകമായ ഗവേഷണ ഫലങ്ങളാണ് അക്കാദമിക മേഖലകളില്‍ നിന്നുണ്ടാവേണ്ടതെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എം നാസര്‍ അഭിപ്രായപ്പെട്ടു.  സാമൂഹ്യ ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മ്മേഷന്‍സ് സയന്‍സ്  സംഘടിപ്പിച്ച  ത്രിദിന ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ മൂല്യങ്ങളും സത്യസന്ധമായ വിവരശേഖരണവും അനിവാര്യമാണ്. വിവര വിശകലനം പോലുള്ള ശാസ്ത്രീയ പഠന മേഖലകള്‍ രാജ്യപുരോഗതിയെ വരെ സ്വാധീനിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍  വകുപ്പ് മേധാവി പ്രൊഫ. കെ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം പ്രൊഫ. എം മനോഹരന്‍, ഫാറൂഖ് കോളേജ് കൊമേഴ്‌സ് വിഭാഗം അസോ. പ്രൊഫ. ഡോ ടി മുഹമ്മദ് നിഷാദ് , ഡോ. സി ശ്യാമിലി തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹ്യ ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനത്തിനു സഹായകമായ സോഫ്റ്റ്വയെറുകളുടെ പരിശീലനം ലക്ഷ്യമാക്കിയുള്ള ശില്‍പ്പശാല  24-ന് സമാപിക്കും.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠന വിഭാഗം സംഘടിപ്പിച്ച ദേശീയ ശില്‍പശാല പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു.

എസ്.ഡി.ഇ. അസൈന്‍മെന്റ് മാര്‍ച്ച് 7 വരെ നല്‍കാം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2019 പ്രവേശനം എം.എ., എം.കോം., എം.എസ് സി. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സിന്റെ ഭാഗമായുള്ള ബുക്ക് റിവ്യു, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 7 വരെ നീട്ടി. റിപ്പോര്‍ട്ടുകള്‍ നേരിട്ടോ തപാലിലോ എത്തിക്കണം. വിലാസം – ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല – 673635. ഫോണ്‍ 0494 2407494

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍,  എം.എസ് സി., എം.കോം. ഒഴികെ, നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 17-നും എം.എസ്. സി 18-നും എം.കോം. 9-നും തുടങ്ങും.   പി.ആര്‍. 264/2022

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് സ്റ്റഡീസ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍. 265/2022

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top