
ന്യൂഡൽഹി : ക്യൂബൻ തീരത്ത് യുഎസ് രജിസ്ട്രേഷനുള്ള സ്പീഡ് ബോട്ടിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ക്യൂബയുടെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ക്യൂബയിലെ വില്ല ക്ലാര പ്രവിശ്യയിലെ ഫാൽക്കൺസ് കേയ്ക്ക് സമീപം, തീരത്ത് നിന്ന് ഏകദേശം ഒരു നോട്ടിക്കൽ മൈൽ ദൂരത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ക്യൂബൻ സമുദ്രാതിർത്തി ലംഘിച്ച ഫ്ലോറിഡ രജിസ്ട്രേഷനുള്ള ബോട്ടിനെ തിരിച്ചറിയാനായി ക്യൂബൻ അതിർത്തി രക്ഷാസേന സമീപിച്ചപ്പോൾ ബോട്ടിലുണ്ടായിരുന്നവർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് നാല് പേർ കൊല്ലപ്പെട്ടതെന്ന് ക്യൂബ അറിയിച്ചു. കൊല്ലപ്പെട്ടവർക്ക് പുറമെ ബോട്ടിലുണ്ടായിരുന്ന മറ്റ് ആറ് പേർക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലിൽ ഒരു ക്യൂബൻ കമാൻഡർക്കും പരിക്കുണ്ട്.നിലവിൽ പരിക്കേറ്റവർക്ക് ക്യൂബയിൽ വൈദ്യസഹായം നൽകിവരികയാണ്.
സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. കൊല്ലപ്പെട്ടവർ യുഎസ് പൗരന്മാരാണോ എന്ന് വ്യക്തമല്ല. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




