കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം: നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധി ഉള്‍പ്പെടെ വച്ചു കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിപിഐഎം പ്രവര്‍ത്തകരായ സൈനുദ്ദീന്‍, അബ്ദുള്‍ റഹ്‌മാന്‍, ബഷീര്‍, അനീസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പായി ദീപുവിന്റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. സിപിഐഎമ്മിനെതിരെ ദീപു പ്രവര്‍ത്തിച്ചത് പ്രകോപനമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനെ മര്‍ദിച്ചത്. തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്.

 

Share news
error: Content is protected !!
Scroll to Top