കെ.ശങ്കരനാരായണന്‍ അന്തരിച്ചു

പാലക്കാട്;  മുന്‍ധനമന്ത്രിയും, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍(90)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലം ദീര്‍ഘകാലമായി സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാലക്കാട് ശേഖരീപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ആന്റണി സര്‍ക്കാരിന്‍ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന അദ്ദേഹം മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളുടെ ഗവര്‍ണറും ആയിരുന്നു. 1985 മുതല്‍ 2001 വരെ യുഡിഎഫ് കണ്‍വീനറുമായിരുന്നു.

റെയില്‍വേ ഉദ്യോഗസ്ഥനായ ശങ്കരന്‍ നായരുടെയും കെ ലക്ഷ്മി അമ്മയുടെയും മകനായി 1932 ഒക്ടോബര്‍ 15ന് ജനിച്ചു.1946ല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. പിന്നീട് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും, പ്രസിഡന്റുമായി. 1968 മുതല്‍ 72വരെ അവിഭക്ത കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും 1971 മുതല്‍ 76 വരെ സംഘടനാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായി. എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗമായും കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

‘ജീവിതം അനുപമം’ ആത്മകഥയാണ്. ഭാര്യ: പരേതയായ പ്രൊഫ. കെ രാധ. മകള്‍: അനുപമ. മരുമകന്‍: അജിത് ഭാസ്‌കര്‍. സഹോദരങ്ങള്‍: ഡോ. പാര്‍വതി, കല്യാണി നമ്പ്യാര്‍, പാര്‍വതി കുറുപ്പ്, ഗോപിനാഥന്‍.

 

Share news
error: Content is protected !!
Scroll to Top