
ബാംഗ്ലൂർ : കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കൊച്ചു മകൾ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് ഡോ. സൗന്ദര്യ (30) യെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം നഗരത്തിലെ ബൗറിങ് ആശുപത്രിയിലേക്ക് മാറ്റി.
യെദിയൂരപ്പയുടെ ഇളയമകൾ പത്മയുടെ മകളാണ് ഡോ. സൗന്ദര്യ. ബംഗളൂരിലെ വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാംഗ്ലൂരിലെ എം എസ് രാമയ്യ ആശുപത്രിയിൽ ഡോക്ടറായിരുന്നു സൗന്ദര്യ. മൗണ്ട് കാർമൽ കോളേജിന് സമീപം അപ്പാർട്ട്മെന്റിൽ ആണ് താമസം. രണ്ട് വർഷം മുമ്പാണ് സൗന്ദര്യയും ഡോ. നീരജും തമ്മിലുള്ള വിവാഹം നടന്നത്. ദമ്പതികൾക്ക് ആറു മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.
രാവിലെ 10 മണിയോടെ വീട്ടുജോലിക്കാരൻ വാതിലിൽ മുട്ടിയെങ്കിലും അകത്തു നിന്ന് പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടർന്ന് ഡോ. നീരജിനെ വിവരമറിയിക്കുകയായിരുന്നു. നീരജ് വന്ന് കതക് തുറന്നപ്പോഴാണ് സൗന്ദര്യ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




