Section

malabari-logo-mobile

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു

HIGHLIGHTS : Former Chief Minister Oommen Chandy passed away

ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവില്‍ ചിന്മയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എയായിരുന്നു. ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.

1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നില്‍ക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. 1970 മുതല്‍ 51 വര്‍ഷമായി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആദ്യ മത്സരം 1970-ല്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു. സി.പി.എം എം.എല്‍.എ യായിരുന്ന ഇ.എം. ജോര്‍ജിനെ ഏഴായിരത്തില്‍ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി 2004-ല്‍ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെ ഉമ്മന്‍ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളില്‍ സോളാര്‍, ബാര്‍ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചു.

1977-ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലും 1978-ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രിയായി. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും 1991-ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!