ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും

കൊച്ചി: ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും. കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജീഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

സുജീഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വിദേശ വനിതയും തീരുമാനിച്ചത്. തുടര്‍ന്ന് ഇമെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ വനിതയുടെ വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. നിലവില്‍ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും പാലാരിവട്ടം സ്റ്റേഷനില്‍ നാല് കേസും സുജീഷിനെതിരെയുണ്ട്.

വിദേശ വനിത കൂടി പരാതി നല്‍കിയതോടെ സുജീഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയുടന്‍ സുജീ ഷ് ഒളിവില്‍ പോയിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനായി അഭിഭാഷകനെ കാണാന്‍ വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തായതിനാല്‍ മൊഴി നല്‍കാന്‍ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള്‍ അറിയിച്ചിരിക്കുന്നത്.

ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ അറസ്റ്റിലായ സുജീഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്. വിദേശ വനിതയുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീരിക്കുക.

Share news
error: Content is protected !!
Scroll to Top