വിവര സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തി സഹകരണ ഉത്പന്നങ്ങള്‍ക്ക് വിദേശ-ആഭ്യന്തര വിപണി കണ്ടെത്തും: മന്ത്രി വി.എന്‍.വാസവന്‍

സഹകരണ മേഖലയില്‍ നിന്നുള്ള കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതല്‍ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുമായി സഹകരണ വകുപ്പു മുന്നോട്ടുപോവുകയാണെന്ന് സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. സഹകരണ മേഖലയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ നിന്നുള്ള കാര്‍ഷിക മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ സഹകരണ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അമേരിക്ക, നെതര്‍ലാന്‍ഡ്, യുഎഇ, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സഹകരണ മേഖലയിലെ മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ ഓര്‍ഡര്‍ വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണനത്തിലേക്കു കടക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാകും. ജൈവ വൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഉത്പന്നങ്ങള്‍, ഗുണമേന്മ ഉറപ്പാക്കി, കുറഞ്ഞ വിലയില്‍ ലഭിക്കുന്നു എന്നതാണ് സഹകരണ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നതുകൊണ്ടുള്ള ഗുണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. കാര്‍ഷിക മേഖലയെ ലക്ഷ്യമിട്ടാണ് കേരളത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ആരംഭിച്ചത്. സഹകരണ മേഖലയിലൂടെ കാര്‍ഷിക മേഖലയും, കാര്‍ഷിക മേഖലയിലൂടെ സഹകരണ മേഖലയും വികസിക്കുന്നു എന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘സഹകരണം സുതാര്യം’ ടെലിവിഷന്‍ പരിപാടിയുടെ പ്രകാശനവും, സഹകരണ എക്‌സ്‌പോ-2025ന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ നാലാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതികളാണിതെല്ലാം. നാലാംഘട്ട നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിനു കീഴില്‍ പ്രഖ്യാപിച്ച എല്ലാ പരിപാടികളും സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തെത്തുടര്‍ന്നു മാറ്റിവച്ച സഹകരണ എക്‌സ്‌പോ 2025, തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ. എന്‍. മാധവന്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍.എം.എസ്, അഡീഷണല്‍ രജിസ്ട്രാര്‍ (ജനറല്‍) കെ.സജീവ് കര്‍ത്താ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top