
കോഴിക്കോട്:2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ 1928 പരിശോധനകളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 233 സ്ഥാപനങ്ങളില്‍നിന്ന് 7,75,500 രൂപ പിഴ ചുമത്തി.
ഇക്കാലയളവില്‍ 300 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 1033 സര്‍വെയ്‌ലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വിധിയായ 34 അഡ്ജുഡിക്കേഷന്‍ കേസുകള്‍ക്ക്
7.65 ലക്ഷം രൂപയും 17 പ്രോസിക്യൂഷന്‍ കേസുകള്‍ക്ക് 7.89 ലക്ഷം രൂപ പിഴയും പിഴ വിധിച്ചു.
ബുധനാഴ്ച ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന
ഭക്ഷ്യസുരക്ഷ ജില്ലാ അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ മൂന്ന് മാസക്കാലയളവില്‍ 7979 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 2191 ലൈസന്‍സും നല്‍കി. 960 ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഫുഡ് സേഫ്റ്റി ട്രെയിനിങ് & സര്‍ട്ടിഫിക്കേഷന്‍ വഴി പരിശീലനം നല്‍കി.
ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായി ജില്ലയില്‍ 91 ഹോട്ടലുകള്‍ ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റ് പൂര്‍ത്തിയാക്കി സര്‍ട്ടിഫൈ ചെയ്തതായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്‍ യോഗത്തില്‍ അറിയിച്ചു.
മൂന്ന് സ്‌കൂളുകള്‍, ആറ് കോളേജ് ക്യാമ്പസുകള്‍, രണ്ട് ക്ഷേത്രങ്ങള്‍ എന്നിവ യഥാക്രമം ഈറ്റ് റൈറ്റ് സ്‌കൂള്‍, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഈറ്റ് റൈറ്റ് പ്ലെയ്‌സ് ഓഫ് വര്‍ഷിപ്പ് ആയി സര്‍ട്ടിഫൈ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതില്‍ രണ്ട് സ്‌കൂളുകള്‍ക്ക്- കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍ പി സ്‌കൂള്‍, അല്‍ഫോന്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ താമരശ്ശേരി- എന്നിവയ്ക്കുള്ള എഫ്എസ്എസ്എഐ യുടെ
ഈറ്റ് റൈറ്റ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിതരണം ചെയ്തു.
ജില്ലയിലെ 45 സ്‌കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ‘നിറമല്ല രുചി’ പ്രചാരണത്തിന്റെ ഭാഗമായി 23 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.
ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തില്‍
ഭക്ഷ്യസുരക്ഷ വകുപ്പ്,
ജില്ലാ സപ്ലൈ ഓഫീസ്,
ജില്ലാ വ്യവസായ വകുപ്പ്, ക്രൈംബ്രാഞ്ച്,
കൃഷി ഓഫീസ്,
ഡിഡിഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.




