നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കും: മന്ത്രി എ.കെ ബാലന്‍

നിലമ്പൂര്‍: നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരെ യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വതമായി പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വനാവകാശ നിയമപ്രകാരം ലഭിച്ച 203.64 ഹെക്ടര്‍ വന ഭൂമി ജില്ലയിലുണ്ട്. ആദിവാസികളെ പുനരധിവസിപ്പിക്കുന്ന തിനായി ഈ സ്ഥലം ഉപയോഗപ്പെടുത്തും. മറ്റുള്ള 200 ഓളം വരുന്ന ദുരന്തബാധിത കുടുംബങ്ങളെ ശാശ്വതമായി പുനരധവസിപ്പിക്കുന്നതിനായി മുണ്ടേരി സീഡ് ഫാമിലെ സ്ഥലം ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്ന കാര്യം പരിശോധിക്കും. ഇതിനായി പ്രപ്പോസല്‍ തയ്യാറാക്കും. വീടും ഭൂമിയും നശിച്ച് സ്വന്തം സ്ഥലത്തേക്ക് പോകാന്‍ കഴിയാതെ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ താത്ക്കാലികമായി വാടകക്കെടുത്ത കെട്ടിടങ്ങളില്‍ താമസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തബാധിത മേഖലങ്ങളില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പൊലീസ്, ഫയര്‍ഫോഴ്‌സ്, കരസേന, ദുരന്തനിവാരണ സേന, മറ്റു ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

നിലമ്പൂര്‍ വെളിയന്തോട് ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി കവളപ്പാറയിലെത്തിയത്. പി.വി അന്‍വര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, നിലമ്പൂര്‍ (നോര്‍ത്ത് ) ഡി.എഫ്.ഒ വാര്‍ക്കഡ് യോഗേഷ് നീല്‍ഖണ്ഡ്, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ ടി. ശ്രീകുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.സന്ധ്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഭൂദാനം സെന്റ് മേരീസ് ദേവാലയം, ജി.യു.പി.എസ് പുള്ളിയില്‍, മുണ്ടേരി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു.

Related Articles