Section

malabari-logo-mobile

പ്രളയം: മലപ്പുറം ജില്ലയില്‍ തകര്‍ന്ന പാലങ്ങള്‍ പുനരുദ്ധീകരിക്കുന്നതിന് ചെലവ് 28 കോടി രൂപ

HIGHLIGHTS : മലപ്പുറം ജില്ലയില്‍ പ്രളയം മൂലം തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും പുനരുദ്ധീകരിക്കുന്നതിനുമായി ചെലവു വരിക 28 കോടി രൂപ. പാലങ്ങള്‍ ചെറിയ കാ...

മലപ്പുറം ജില്ലയില്‍ പ്രളയം മൂലം തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും പുനരുദ്ധീകരിക്കുന്നതിനുമായി ചെലവു വരിക 28 കോടി രൂപ. പാലങ്ങള്‍ ചെറിയ കാലയളവിലേക്ക് ഗതാഗത യോഗ്യമാക്കുന്നതിന് 1.75 കോടി രൂപയും ദീര്‍ഘ കാലയളവിലേക്ക് ഗതാഗതയോഗ്യമാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മാണത്തിനുമായി 26.25 കോടി രൂപയുമാണ് ചെലവ് വരിക. വിവിധ പാലങ്ങളില്‍ ഉരുള്‍പൊട്ടലില്‍ വന്ന് കൂടിയിരിക്കുന്ന മരക്കഷ്ണങ്ങളും മറ്റു മാറ്റി വെന്റ് വേ ശരിപ്പെടുത്തുന്നതിന് 50 ലക്ഷം രൂപയും ചെലവ് വരുമെന്ന് പൊതുമരാത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ കൈപ്പിനി പാലം, കരുളായി പാലം, പനങ്കയം പാലം, ഏനാദി പാലം, ഏറനാട് നിയോജകമണ്ഡലത്തില്‍ പെടുന്ന എടവണ്ണ സീതി ഹാജി പാലം, അരീക്കോട് പാലം, പെരുംകടവ് പാലം, കോട്ടക്കല്‍ മണ്ഡലത്തില്‍ പെടുന്ന തിരുവേഗപ്പുറ പാലം, താനൂര്‍ മണ്ഡലത്തില്‍ പെടുന്ന പൂരപ്പുഴ പാലം, പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പെടുന്ന മണ്ണാത്തികടവ് പാലം, മങ്കട മണ്ഡലത്തില്‍ വരുന്ന കീരംകുണ്ട് പാലം, വണ്ടൂര്‍ മണ്ഡലത്തില്‍ വരുന്ന കൊട്ടോല പാലം, നെല്ലിക്കുത്ത് പാലം എന്നിവക്കാണ് മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
ചാലിയാര്‍ പുഴയ്ക്ക് കുറുകെ ചുങ്കത്തറ കൈപ്പിനി റോഡില്‍ സ്ഥാപിച്ചരുന്ന കൈപ്പിനി പാലത്തിന്റെ ഡെക്ക് സ്ലാബുകളും പിയറുകളും മലവെള്ളപ്പാച്ചില്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. പാലം ഫൗണ്ടേഷനു സംഭവിച്ച കേടുപാടുകള്‍ പുഴയിലെ ജലനിരപ്പ് കുറഞ്ഞതിന് ശേഷം മാത്രമേ വിലയിരുത്താനാകൂ. 3.15 കോടി രൂപ ചെലവഴിച്ച് 2011 ലാണ് ഈ പാലം പൂര്‍ത്തീകരിച്ചത്. 101.28 മീറ്റര്‍ നീളവും 7.50 വീതിയും ഇരുവശങ്ങളിലുമായി 1.50 വീതിയുള്ള നടപ്പാതയും ഉണ്ടായിരുന്നു.
എടക്കര- കരുളായി റോഡില്‍ കരിമ്പുഴക്ക് കുറുകെയുള്ള കരുളായി പാലത്തില്‍ ആഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലിലും ശക്തമായ മലവെള്ളപ്പാച്ചിലിലും മണ്ണു മരങ്ങളും വന്നടിഞ്ഞ് പാലത്തിന്റെ നാല് സ്പാനുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ഒമ്പത് സ്പാനുകളാണ് ആകെയുള്ളത്. ഇതില്‍ നാലാമത്തെ സ്പാനിന്റെ ഡെക്ക് 78 സെന്റി മീറ്ററോളം തെന്നിമാറിയിട്ടുണ്ട്. 3.5 കോടി രൂപ ചെലവഴിച്ചാല്‍ മാത്രമേ പാലത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാനാവൂ. 2000 ല്‍ നിര്‍മിച്ച കരുളായി പാലത്തിന് 193.32 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുണ്ട്.
ഏറനാട് നിയോജക മണ്ഡലത്തിലെ പത്തനാപുരം- മൂര്‍ക്കനാട് എടവണ്ണ റോഡില്‍ ചാലിയാര്‍ പുഴക്ക് കുറുകെയുള്ള സീതി ഹാജി പാലത്തില്‍ പ്രളയവും മലവെള്ളപ്പാച്ചിലും മൂലം മരങ്ങളും മറ്റും വന്നടിച്ച് പാലത്തിന്റെ രണ്ടു സ്പാനുകള്‍ 20 സെ.മീറ്റര്‍ നിരങ്ങി നീങ്ങിയിട്ടുണ്ട്. കേടുപാടുകള്‍ പരിഹരിക്കുന്നതിനായി 1.75 കോടി രൂപയോളം ആവശ്യമായി വരും.
അരീക്കോട് പാലത്തിന്റെ റീട്ടെയ്‌നിങ് വാള്‍ മലവെള്ളപ്പാച്ചില്‍ വീണ് പോയിട്ടുണ്ട്. രണ്ട് കോടി രൂപ ചെലവഴിച്ചാല്‍ മാത്രമേ കേടുപാടുകള്‍ പരിഹരിക്കാനാവൂ. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ നിര്‍മാണത്തിലിരിക്കുന്ന ഏനാദി പാലത്തിന്റെ നിര്‍മാണത്തിനായി തയ്യാറാക്കിയിരുന്ന ബീമിന്റെ ഷട്ടറുകളും കമ്പികളും സപ്പോര്‍ട്ടുകളുമെല്ലാം നഷ്ടപ്പെട്ടു. മലവെള്ളപ്പാച്ചിലില്‍ റീ ഇന്‍ഫോര്‍സ്‌മെന്റ് ഷട്ടറിങ് അടക്കം നീങ്ങിപ്പോയി. വളാഞ്ചേരി – പട്ടാമ്പി റോഡില്‍ തിരുവേഗപ്പുറ പാലത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരും. താനൂര്‍ നിയോജ മണ്ഡലത്തില്‍ പൂരപ്പുഴ പാലത്തിന്റെ താനൂര്‍ ഭാഗത്ത് റോഡിന്റെ വലതു വശം ഇടിഞ്ഞ് റോഡില്‍ വിള്ളല്‍ വീണു. അഞ്ചു ലക്ഷം രൂപയോളം ചെലവ് വരും. പ്രളയം മൂലം തകര്‍ന്ന ജില്ലയിലെ ഒമ്പത് പാലങ്ങള്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും 1.35 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!