ഉണ്യാലില്‍ ഓട്ടോഡ്രൈവറെ ആക്രമിച്ച് 20ലക്ഷം രൂപ കവര്‍ന്നതായി പരാതി

താനൂര്‍: ഉണ്യാലില്‍ ഓട്ടോഡ്രൈവറെ ആക്രമിച്ച് ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന 20ലക്ഷം രൂപ കവര്‍ന്നതായി പരാതി. വേങ്ങര സ്വദേശിയാണ് കവര്‍ച്ചക്കിരയായെന്ന് കാണിച്ച് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തു.

തിങ്കളാഴ്ചയാണ് സംഭവം. ഉണ്യാലില്‍ നിന്ന് ഓട്ടോയില്‍ കയറിയ നാല് പേര്‍ യുവാവിനെ ആക്രമിച്ച് ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഓട്ടോയിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ സീറ്റിന് പിന്നില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നുവെന്നാണ് യുവാവിന്റെ മൊഴി.

ചമ്രവട്ടം നരിപ്പറമ്പില്‍ നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് യുവാവ് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കുഴല്‍പ്പണമാണ് കവര്‍ന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കുഴല്‍പ്പണം തട്ടിയെടുക്കുന്ന സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു.

പണവുമായി യുവാവ് എത്തുന്ന വിവരം മുന്‍കൂട്ടി മനസിലാക്കി കവര്‍ച്ച ആസൂത്രണം ചെയ്തതായാണ് സംശയം. പരാതിക്കാരനായ യുവാവിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top