Section

malabari-logo-mobile

ചെള്ള് പനി മരണം; ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി

HIGHLIGHTS : Flea fever death; Preventive measures have been strengthened in the district

ജില്ലയില്‍ ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന എടവണ്ണ സ്വദേശി മരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. പനി വന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. മരണം സംഭവിച്ച പ്രദേശത്ത് സ്‌ക്രബ് ടൈഫസ് (ചെള്ള് പനി)പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകള്‍ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്റ്റീരിയ മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് സ്‌ക്രബ് ടൈഫസ് അഥവാ ചെള്ള് പനി എന്ന രോഗം. എലി, അണ്ണാന്‍, മുയല്‍, തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. ചിലയിനം ചെറു ജീവികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. രോഗമുണ്ടാക്കുന്ന ചിഗ്ഗര്‍മൈറ്റ് കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വൃണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. വിറയലോട് കൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴല വീക്കം, പേശീ വേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
മൈറ്റുകളെ തടയുന്ന ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക, ജോലിക്കായി പുല്ലിലും കൃഷിയിടങ്ങളിലും ഇറങ്ങുന്നവര്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ ( ഗംബൂട്ട്, കയ്യുറ) എന്നിവ ധരിക്കുക, എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയായി സൂക്ഷിക്കുക, ആഹാരാവശിഷടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കുക എന്നിവയാണ് ചെള്ള് പനി ബാധിച്ച പ്രദേശത്തെ നിവാസികള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും വൈദ്യസഹായം തേടണമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!