മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

തിരുവനന്തപുരം: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാന്‍ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്താല്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കുമായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് ‘അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി’. അപകടമരണങ്ങള്‍ക്കും പൂര്‍ണ്ണ അവശതയ്ക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ കാരണങ്ങളാല്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി അദാലത്ത് നടത്താന്‍ നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു.

തെക്കന്‍ ജില്ലകളിലെ അര്‍ഹരായവര്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് വച്ചു ഡിസംബര്‍ 28 ന് നടത്തിയ ഒന്നാം ഘട്ട അദാലത്തില്‍ പരിഗണനയ്ക്ക് വന്ന 145 അപേക്ഷകളില്‍ 89 എണ്ണവും തീര്‍പ്പാക്കിയിരുന്നു. ബാക്കിയുള്ളവ ഉദ്യോഗസ്ഥ തല അദാലത്തുകളില്‍ തീര്‍പ്പാക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. 8.50 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് അന്ന് അനുവദിച്ചത്.

ജനുവരി 15 ന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് വരക്കല്‍ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന വടക്കന്‍ മേഖലാ അദാലത്ത് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അര്‍ഹരായ എല്ലാ മത്സ്യത്തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

 

Share news
error: Content is protected !!
Scroll to Top