തൃശ്ശൂര്‍ ; എക്‌സൈസ് വകുപ്പില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ബാഡ്ജ് ഓഫ് എക്‌സലന്‍സി അവാര്‍ഡ് എക്‌സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്‍ IPS ല്‍ നിന്നും 41 എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തൃശ്ശൂര്‍ എക്‌സൈസ് അക്കാദമിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്തത്. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്നും വിവിധ റാങ്കുകളിലുള്ള 9 പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എക്‌സൈസ് മികച്ച മയക്കുമരുന്ന് കേസുകള്‍ കണ്ടെടുത്ത ജില്ലയാണ് മലപ്പുറം. ഇതില്‍ പ്രധാനപ്പെട്ട രണ്ട് കേസുകള്‍ കണ്ടെടുത്ത ഉദ്യോഗസ്ഥാരാണ് എക്‌സലെന്‍സി അവാര്‍ഡിനര്‍ഹരായിരിക്കുന്നത്.
വണ്ടൂരില്‍ വെച്ച് സിമന്റ് ലോറിയില്‍ കടത്തികൊണ്ട് വന്ന 167.5 കിലോ കഞ്ചാവ് കണ്ടു പിടിച്ച് കേസെടുത്ത മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കലാമുദ്ദീന്‍ കാളികാവ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എംഒ വിനോദ്, പ്രിവന്റീവ് ഓഫിസര്‍മാരായ ശ്രീ പി.കെ പ്രശാന്ത്, പി.അശോക് എന്നിവര്‍ക്കും, മലപ്പുറം ചേലേമ്പ്രയിലെ വാടക വീട് കേന്ദ്രീകരിച്ച് കൊറിയര്‍ സര്‍വ്വീസ് മുഖാന്തിരം കളിപ്പാട്ട വിപണനക്കാര്‍ എന്ന വ്യാജേന അതി മാരക കൃത്രിമ മയക്കുമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ കണ്ടെടുത്ത മലപ്പുറം എക്‌സൈസ് ഇന്റലിജെന്‍സിലേയും പരപ്പനങ്ങാടി റെയിഞ്ച് ഓഫീസിലേയും ഉദ്യോഗസ്ഥരായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദ് ഷഫീഖ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിതിന്‍ ചോമാരി എന്നിവര്‍ക്ക് ഡിറ്റക്ടീവ് എക്‌സലന്‍സ് വിഭാഗത്തിലും, പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഡ്രൈവര്‍ ഗണേശന്‍ എന്നവര്‍ക്ക് അവയര്‍നസ് ആന്റ് പ്രിവന്‍ഷന്‍ എക്‌സലന്‍സ് വിഭാഗത്തിലുമാണ് അവാര്‍ഡ് ലഭിച്ചത്.
നേരത്തെ പോലീസ് വകുപ്പില്‍ മാത്രമാണ് എക്‌സലെന്‍സി അവാര്‍ഡ് നല്‍കിക്കൊണ്ടിരിക്കുന്നത്.



