പ്രണയം നിരസിച്ചു; ഇടുക്കി അടിമാലിയില്‍ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

ഇടുക്കി: അടിമാലിയില്‍ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന്റെ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തില്‍ അടിമാലി സ്വദേശിയായ ഷീബയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിമാലി ഇരുമ്പുപാലത്തെ ഒരു പള്ളിയ്ക്ക് സമീപം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് സംഭവം.

പിന്തിരിഞ്ഞു നില്‍ക്കുന്ന യുവാവിന്റെ അടുത്തെത്തി ഷീബ മുഖത്തേക്ക് തന്നെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.

ഷീബയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് കയ്യില്‍ വീണ് ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top