പ്രഥമ ശുശ്രൂഷാ പരിശീലനം വ്യാപകമാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം:അടിയന്തര സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള പരീശീലനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.ആര്‍. പരിശീലന ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം എന്നും ലോകത്തിന് മാതൃകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ നിസാരമല്ല. എന്നാല്‍, ഇന്ന് ഹൃദയസ്തംഭനം മൂലമുള്ളതും കുഴഞ്ഞു വീണുമുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ മരിച്ചവരില്‍ ചിലരെങ്കിലും, സമയത്ത് പ്രാഥമിക ശുശ്രൂഷ ലഭിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഈയൊരു അവസ്ഥ ഇനിയും ഉണ്ടാകരുത്.

നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം, ഹൃദയ രോഗങ്ങളും മറ്റ് ജീവിതശൈലീ രോഗങ്ങളും വര്‍ദ്ധിക്കുകയാണ്. ഇവ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ചും നമ്മള്‍ ഓരോരുത്തരെയും ബോധവല്‍ക്കരിക്കണം. അതോടൊപ്പം, ഒരാള്‍ക്ക് പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയണം.

അതിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് സി.പി.ആര്‍. (Cardiopulmonary Resuscitation). ഇത് ഹൃദയസ്തംഭനം മൂലം പെട്ടെന്നുള്ള മരണം കുറയ്ക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പ്രഥമ ശുശ്രൂഷയാണ്. സി.പി.ആര്‍. പരിശീലനം നേടുന്നതിലൂടെ, നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും.

ഈ ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട്, നമ്മള്‍ ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ ഒരു ബൃഹത്തായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി, പരിശീലന പരിപാടി സ്‌കൂളുകളിലേക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പ്രാദേശിക കൂട്ടായ്മകളിലേക്കും വ്യാപിപ്പിക്കും.

പ്രത്യേകിച്ചും നമ്മുടെ യുവജനങ്ങളെയും വിവിധ തൊഴില്‍ വിഭാഗങ്ങളെയും ഈ പരിശീലനത്തിലൂടെ പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് പ്രാപ്തരാക്കാനാകും. സി.പി.ആര്‍. പരിശീലനം നമ്മുടെ സംസ്ഥാനത്തെ ഓരോ പൗരന്റെയും അടിസ്ഥാന അറിവായി മാറണം. അങ്ങനെയെങ്കില്‍ ലോകത്തിന് ആകമാനം മാതൃകയായി നമ്മുടെ കൊച്ചുകേരളം മാറും. ഒരു ജീവന്‍ പോലും ഇനി പ്രഥമ ശുശ്രൂഷ ലഭിക്കാത്തതിന്റെ പേരില്‍ നഷ്ടപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് നിയമസഭാ സമാജികര്‍ക്കും ജീവനക്കാര്‍ക്കുമാണ് സി.പി.ആര്‍. പരിശീലന പരിപാടി സംഘടിപ്പിച്ചത്.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്വാഗതമാശംസിച്ചു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, ജി ആര്‍ അനില്‍, ഐ എം എ സംസ്ഥാന പ്രസിഡന്റ് കെ എ ശ്രീവിലാസന്‍, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ വിനയ് ഗോയല്‍, നിയമസഭാ സെക്രട്ടറി ഡോ. എന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top