Section

malabari-logo-mobile

അഴുക്കുചാലില്‍നിന്നുള്ള രഹസ്യസന്ദേശങ്ങള്‍; സിനിമാ നിരൂപണം എഴുത്ത് വി.കെ ജോബിഷ്

HIGHLIGHTS : അഗ്‌നിസ്‌ക ഹോളണ്ട് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ഇന്‍ ഡാര്‍ക്ക്‌നെസ് എന്ന പോളിഷ് ചിത്രത്തകുറിച്ച് സിനിമാ നിരൂപകനായ വികെ ജോബിഷ് എഴുതുന്നു...

ഫാല്‍ക്കെയില്‍ നിന്ന് ‘ In darkness’ എന്ന സിനിമകണ്ട് പുറത്തിറങ്ങുമ്പോള്‍ ഭൂമിക്കടിയിലൂടെ ഒഴുകുന്ന അഴുക്കുചാലില്‍ നിന്ന് പുറത്തേക്കെത്തിയ അനുഭവമായിരുന്നു. അത്ര ഭീതിതമായാണ് ‘ഇരുട്ടില്‍ ‘ (In darkness) നമ്മെ ചരിത്രത്തിന്റെ ഇരുട്ടില്‍പ്പെടുത്തിക്കളയുന്നത്. അതുവരെയുള്ള രണ്ട് മണിക്കൂര്‍ ഇരുപത്തിനാല് മിനുറ്റ് കാണികള്‍ക്ക് ശ്വസിക്കാനും മണക്കാനുമുള്ള വായുവും പോളണ്ടിലെ ഭൂഗര്‍ഭജലപാതയ്ക്ക്

വി.കെ ജോബിഷ്

മുകളിലുള്ളതുമാത്രമായിരുന്നെന്ന തോന്നലുണ്ടാക്കിയ സിനിമ. അത്ര ഗംഭീരമായ ദൃശ്യാനുഭവം. അഗ്‌നിസ്‌ക ഹോളണ്ട് എന്ന വിശ്വപ്രസിദ്ധ സംവിധായകയുടെ ഈ ചിത്രം 2011 ല്‍ മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമകൂടിയാണ്. കേവലഭാവനാ ഭൂപടങ്ങളുടെ ലോകത്തു നിന്നുണ്ടാക്കിയ സിനിമയല്ല ശി റമൃസിലൈ മറിച്ച് നാസിഅധിനിവേശ കാലത്ത് പതിനാല് മാസം അഴുക്കുചാലില്‍ ഒളിച്ചിരുന്ന് ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമൊക്കെ മരണത്തെയും അപകടങ്ങളെയും മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യഥാര്‍ത്ഥമായ ഒരനുഭവത്തെ പിന്തുടര്‍ന്ന് എടുത്തതാണ് ഈ ചിത്രം. 1991 ല്‍ ഇറങ്ങിയ റോബര്‍ട്ട് മാര്‍ഷലിന്റെ ‘ഇന്‍ ദി സീവേഴ്‌സ് ഓഫ് എല്‍വോവ് ‘ (in the Sewers of Lvov) എന്ന പുസ്തകമാണ് ഈ ചിത്രത്തിന്റെ പ്രധാന റഫറന്‍സ്. അതുകൊണ്ടു കൂടിയാണ് ഈ ചിത്രം മറ്റ് ഭാവനാലോകങ്ങളെപ്പോലും ചെറുതാക്കിക്കളയുന്നത്. ഹോളോകാസ്റ്റ് സിനിമകളുടെ പൊതുസവിശേഷത കൂടിയാണ് ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍.
നാസി അധിനിവേശകാലത്ത് പോളണ്ടില്‍ നിന്ന് വേട്ടയാടപ്പെട്ട ജൂതജീവിതത്തെയും ഒപ്പം ചെറുകിട കള്ളനും മലിനജല തൊഴിലാളിയുമായ സോച്ചയുടെ ജീവിതത്തെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ സിനിമ പീഢിതലോകത്തിന്റെയും മനുഷ്യത്വത്തിന്റെയും കഥ പറയുന്നത്. ഒരു മോഷണത്തില്‍ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. മോഷ്ടിച്ച സാധനങ്ങളുമായി ഒരു വനപ്രദേശത്തുകൂടി കടന്നു പോകുന്ന സോച്ചയുടെയും കൂട്ടുകാരന്റെയും മുന്നിലൂടെ നഗ്‌നകളാക്കപ്പെട്ട പരിഭ്രാന്തരായ ഒരു കൂട്ടം സ്ത്രീകളുടെ പിന്നാലെ തോക്കുമേന്തിപ്പായുന്ന ജര്‍മ്മന്‍ പട്ടാളക്കാരും വെടിയൊച്ചകളും.തുടര്‍ന്ന് മോഷ്ടിച്ച സാധനങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന അഴുക്കുചാലിലേക്കു നീങ്ങുന്ന ദൃശ്യങ്ങള്‍ നാസി അധിനിവേശത്തിന്റെ ഹിംസയില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ വേണ്ടി അഴുക്കുചാലിനെ അഭയം പ്രാപിച്ച കുടുംബങ്ങളിലേക്കും അഴുക്കുചാലിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്കും ചലിച്ചു തുടങ്ങുകയാണ്. നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും ഒലിച്ചിറങ്ങുന്ന ഒരാള്‍പ്പൊക്കത്തില്‍ നീണ്ടു കിടക്കുന്ന ഓടയില്‍പ്പെട്ടുപോകുന്ന മനുഷ്യര്‍ക്ക് പതിനാലു മണിക്കൂര്‍ പോലും അതിജീവിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഇവിടെ കള്ളന്റെ ചൂഷണത്തിലൂടെയും ഒടുവില്‍ അയാളിലുണരുന്ന ധാര്‍മ്മികതയിലൂടെയും പതിനാല് മാസങ്ങള്‍ അവര്‍ അതിജീവിക്കുകയാണ്. അഴുക്കുചാലിലെ ആ മാലിന്യത്തില്‍ മരണഭയം മാത്രമല്ല വിശപ്പും കാമവും മടുപ്പും പ്രത്യാശയോടെയുള്ള കാത്തിരിപ്പും പുതുജീവനുകള്‍ക്കുമൊക്കെ നാം സാക്ഷികളാവുകയാണ്.

sameeksha-malabarinews

കീടങ്ങള്‍ക്കും എലികള്‍ക്കുമിടയില്‍ക്കഴിയുന്നതിനിടയില്‍ മുകളില്‍ നിന്ന് കേള്‍ക്കുന്ന പള്ളി സംഗീതമുണ്ട്. വെടിയൊച്ചകളുണ്ട്. ഒപ്പം ട്രക്ക് ഉപയോഗിച്ച് കളിക്കുന്ന കുട്ടിയുണ്ട്. പാട്ടു പാടുന്ന പെണ്‍കുട്ടിയുണ്ട്. നിസ്സഹായരുടെ പ്രാര്‍ത്ഥനയുണ്ട്. ഒപ്പം തൊട്ടടുത്ത നിമിഷങ്ങളില്‍ എന്ത് സംഭവിക്കുമെന്ന സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് നീങ്ങുന്ന ദൃശ്യങ്ങളും.
മരണഭയത്തിനു മുകളില്‍ ഇറ്റി ഇറ്റി വീഴുന്ന പകലിന്റെയും രാത്രിയുടെയും നിമിഷങ്ങളില്‍ മനുഷ്യമനസിന്റെയും ശരീരത്തിന്റെയും പലതരം കാമനങ്ങള്‍ അഴുക്കുചാലിനൊപ്പം രഹസ്യമായി ഒഴുകുന്ന അനേക സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലുണ്ട്. ഒരു സ്ത്രീ സംവിധായിക ആയതുകൊണ്ടുതന്നെ ആണ്‍നോട്ടത്തിന്റെ ( Male gaze) ആനന്ദങ്ങളിലേക്കല്ല ഈ സിനിമയിലെ ആ രതിദൃശ്യങ്ങള്‍ പോലും പ്രവേശിക്കുന്നത്. മറിച്ച് അഴുക്കുചാലില്‍ക്കഴിയുന്ന ഭീതിയുടെ ചില സമയങ്ങളില്‍പ്പോലും സ്വയം അഴകായിമാറാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ അതിജീവന നിമിഷങ്ങളായിത്തന്നെയാണ് അത് കാണികളിലും പ്രവര്‍ത്തിക്കുക. മനുഷ്യ സ്വഭാവത്തിന്റെ വിചിത്രമായ ആന്തരികസത്യത്തിലേക്ക് നീങ്ങുന്ന ചാലുകള്‍ കൂടിയാണീ ദൃശ്യങ്ങള്‍. വലിയ മഴയിലും കാറ്റിലും പെട്ട് അഴുക്കുചാല്‍ മരണക്കെണിയാവുന്ന അന്ത്യദൃശ്യങ്ങള്‍ അപൂര്‍വമായ ദൃശ്യാനുഭമാണ്. എന്നാല്‍ ഒരിടത്തും പതിവു ചലച്ചിത്രസൗന്ദര്യത്തിന്റെ നിറക്കൂട്ടുകള്‍ ഉപയോഗിക്കാതെ മലിനജലത്തില്‍ക്കഴിയുന്ന കഥാപാത്രങ്ങളെ പിന്തുടരുന്ന ക്യാമറയും ഇരുട്ടിനെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെയും ആ സംഭാഷണങ്ങളുണ്ടാക്കുന്ന സന്ദേഹങ്ങളിലൂടെയും പ്രത്യാശയിലൂടെയുമാണ് സിനിമ ചലിക്കുന്നത്. ഒപ്പം മനുഷ്യപ്രകൃതിയുടെ രൂപാന്തരീകരണം അതിനാടകീയമാണ് ഈ ചിത്രം ആവിഷ്‌കരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറുകിട മോഷണവും മറ്റുമായി നടക്കുന്ന ജൂതവിരുദ്ധനായ ഒരാള്‍ മനുഷ്യനായിത്തീരുന്ന കഥയ്ക്കിടയില്‍ അഴുക്കുചാലിന് മുകളില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ കഥയാണെന്നു പോലുള്ള യാഥാര്‍ത്ഥ്യം ഇടയ്ക്ക് നാം മറന്നു പോകും.!

ആ അര്‍ത്ഥത്തില്‍
അപകടങ്ങള്‍ പലപ്പോഴും രാഷ്ട്രത്തിലല്ല നമ്മുടെ ഉള്ളിലാണ് എന്ന തിരിച്ചറിവിലേക്ക് പ്രേരിപ്പിക്കുന്ന വെളിച്ചം കൂടിയാണ് ‘ഇരുട്ടില്‍’ (In darkness) എന്ന ഈ സിനിമ.
ഇന്‍ ഡാര്‍ക്ക്‌നെസുലൂടെ ജൂതന്‍മാര്‍ അഴുക്കുചാലില്‍ നിന്ന് രക്ഷപ്പെട്ട ഒരു ചരിത്ര സന്ദര്‍ഭത്തെ ആവിഷ്‌കരിച്ചപ്പോള്‍ ആഗ്‌നിസ്‌ക ഹോളണ്ട് മറ്റൊരു ചരിത്രപരമായ ദൗത്യം കൂടി നിര്‍വഹിക്കുന്നുണ്ട്. ജൂതവിരുദ്ധതയുടെ ചരിത്രത്തില്‍ക്കൂടി കുടുങ്ങിക്കിടക്കുന്ന ലോകത്തിനറിയാവുന്ന ഒരു പോളണ്ടുണ്ട്. ഹോളോകാസ്റ്റില്‍ പട്ടാളക്കാരോട് സജീവമായും നിശ്ശബ്ദമായും സഹകരിച്ച ഒരു പോളണ്ട്. ഒപ്പം പുറം ലോകമറിയാതിരുന്ന അനുതാപത്തിന്റെയും കരുണയുടെയും മറ്റൊരു പോളണ്ട്. അതിനെയാണ് ഈ ചിത്രം അഭിമുഖീകരിക്കുന്നത്.

നാസി അധിനിവേശ കാലത്ത് ജര്‍മ്മന്‍ പട്ടാളക്കാരുടെ ഒറ്റുകാരായി മാറിയ പോളണ്ടിന്റെ ആ ചരിത്രത്തിലെ എക്കാലത്തെയും അപരിഹാര്യമായ വേദനകളില്‍ നിന്ന്, ശി റമൃസില ൈലൂടെ ലിയോപോള്‍ഡ് സോച്ചയുടെ കഥ പറഞ്ഞുകൊണ്ട് ഇരുട്ടില്‍ നിന്ന് ആ രാഷ്ട്രത്തെയുംകൂടി വെളിച്ചത്തിലേക്ക് കൊണ്ടുവരികയാണ് സംവിധായിക. അങ്ങനെ പോളണ്ടുകാരുടെ ഇപ്പോഴത്തെ ജീവിതത്തിനു മുന്നിലുള്ള യഹൂദവിരുദ്ധതയുടെ പലതരം ആഖ്യാനങ്ങളെ ഈ സിനിമയിലൂടെ മറികടക്കാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടാവാം. ആ അര്‍ത്ഥത്തിലും കൂടിയാണ് ഇരുട്ടിനെക്കുറിച്ചുള്ള ഈ സിനിമ വെളിച്ചത്തിലേക്ക് കടക്കാനുള്ള വഴിയായി മാറുന്നത്. സിനിമയുടെ അവസാന ദൃശ്യങ്ങളില്‍ ഇരുട്ടില്‍ നിന്ന് പുറത്തേക്കുവരുന്ന ജൂത കുടുംബവും അവരെ കേക്കുകള്‍ നല്‍കി സ്വീകരിക്കുന്ന പോളിഷ് കുടുംബങ്ങളും ഭീതിയുടെ കാലങ്ങളില്‍ ആത്മാവില്‍ മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിച്ച ചിലപ്രകാശ ജീവിതങ്ങള്‍ കൂടിയുണ്ടെന്ന് പറഞ്ഞുവെക്കുകയാണ്.

ചിത്രത്തില്‍ പോള്‍ഡെക് എന്നറിയപ്പെടുന്ന സോച്ചയെ അവതരിപ്പിച്ചത് റോബര്‍ട്ട് വിക്കിവിച്ച്‌സ് എന്ന പോളിഷ് നടനാണ്.അദ്ദേഹത്തിന്റെ അതുല്യമായ പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു കാതല്‍. മോഷ്ടാവിന്റെ അത്യാഗ്രഹത്താലുള്ള നോട്ടങ്ങളില്‍ നിന്ന് രക്ഷകനായിത്തീരുന്നതിന്റെ അഭിമാനാര്‍ഹമായ മനുഷ്യപ്രകൃതിയുടെ രൂപാന്തരീകരണത്തിലേക്കുള്ള ഭാവചലനങ്ങളെ സൂക്ഷ്മമാക്കിയ പ്രതിഭ. ഒപ്പം ചിത്രത്തിലെ ഇരുട്ടും വെളിച്ചവും കഥാപാത്രങ്ങള്‍ക്ക് തുല്യമായ അനുഭവങ്ങളാണുളവാക്കുന്ന ക്യാമറാദൃശ്യങ്ങള്‍. ജോലാന്റ ഡൈലെവ്‌സ്‌കയുടെ ഈ ഛായാഗ്രഹണം ഇരുട്ടിനെ ജൂതാവസ്ഥയുടെ വലിയ രൂപകമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഈ കല ഓര്‍മ്മമാത്രമാവാതെ ചലച്ചിത്രസൗന്ദര്യശാസ്ത്രത്തിന്റെ ഉയര്‍ന്ന തലത്തിലേക്ക് വളരുന്നത് വെളിച്ചവും ഇരുട്ടുമുപയോഗിച്ചുയര്‍ത്തിയ ഈ രൂപകങ്ങളിലൂടെയും കൂടിയാണ്.അങ്ങനെ നോക്കിയാല്‍ ഫാസിസ്റ്റ് കാലത്തെ അഴുക്കുചാലെന്ന നരകഭൂപടത്തില്‍ നിന്നുയര്‍ന്ന സൗന്ദര്യ സ്മാരകം കൂടിയാണ് ഈ ചിത്രം.
ലോകസിനിമയുടെ ചരിത്രത്തില്‍ ഹോളോകാസ്റ്റ് കഥകളും സിനിമകളുമൊക്കെ ധാരാളമുണ്ടായിട്ടുണ്ട്. ആന്ദ്രെ വാജ്ദയുടെ കനാല്‍, സ്പീല്‍ബര്‍ഗിന്റെ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്,, ലാജോസ് കോല്‍ട്ടായുടെ ഫെയ്റ്റ്‌ലെസ്സ് ,പൊളാന്‍സ്‌കിയുടെ ദ പിയാനിസ്റ്റ് തുടങ്ങി പല ചിത്രങ്ങള്‍. എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ ഭൂരിപക്ഷവും ആണുങ്ങളുടെ സിനിമകള്‍ തന്നെയാണ്. പക്ഷെ സ്ത്രീകള്‍ എടുത്ത ഹോളോകാസ്റ്റ് ചിത്രങ്ങള്‍ എത്രയുണ്ട് എന്ന ചോദ്യത്തിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് ഹി റമൃസില ൈസാഹസികമായ ഒരു ശ്രമം കൂടിയാവുന്നത്. ചലച്ചിത്രചരിത്രവും സ്വാഭാവികമായി ഇരുട്ടിലാക്കപ്പെടാന്‍ പോകുന്ന സ്ത്രീകള്‍ക്കിടയില്‍ ചരിത്രം എപ്പോഴും വിസമ്മതിക്കുന്ന പേരുകളിലൊന്നായി ആഗ്‌നിസ്‌ക ഹോളണ്ട് നില്‍ക്കുക ഇന്‍ ഡാര്‍ക്ക്‌നെസ് എന്ന ഈ ഹോളോകാസ്റ്റ് ചിത്രത്തിന്റെയും കൂടി പേരിലാവും. ആത്യന്തികമായി മനുഷ്യമനസിനെ എക്കാലവും ആവേശിക്കുന്ന ചില മൂല്യങ്ങള്‍ പങ്കുവെക്കുന്ന ഈ ചിത്രം എന്തുകൊണ്ട് നാം കണ്ടിരിക്കണം എന്ന ചോദ്യത്തിന് ആഗ്‌നിസ്‌കയുടെ ഉത്തരം തന്നെയാണ് അവസാന വാക്യം.
”കാരണം നിങ്ങള്‍ ഭൂമിക്കടിയിലും ഇരുട്ടിലും ജീവിതം പ്രകടിപ്പിക്കേണ്ടതുണ്ട് ”

(വടകര ഫാല്‍ക്കെ ഫിലിം സൊസൈറ്റിയില്‍ നിന്ന് സിനിമ കണ്ടിറങ്ങിയതിന്റെ വെളിച്ചത്തില്‍ ലേഖകന്‍ എഴുതിയത്)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!