തിരു : ദൃശ്യം സിനിമ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. ഐടി നിയമപ്രകാരവും പകര്‍പ്പവകാശ നിയമ പ്രകാരവും വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഏകദേശം പതിനായിരത്തോളം പേര്‍ വിദ്യാര്‍ത്ഥിയുടെ ഫേസ് ബുക്ക് പേജ് വഴി ദൃശ്യം സിനിമ കണ്ടെന്നാണ് പോലീസ് നിഗമനം. ദൃശ്യം സിനിമയുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു എന്ന് കാണിച്ച് നിര്‍മ്മാതാവ് ആന്‍ണി പെരിമ്പാവൂര്‍ ആണ് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയത്. ഈ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.
ആരില്‍ നിന്നും ഇതിനായി പ്രതിഫലം പറ്റിയില്ലെന്നും ഗൗരവമറിയാതെയാണ് ഇത് ചെയ്തതെന്നും വിദ്യാര്‍ത്ഥി മൊഴി നല്‍കി. ഐടി നിയമ പ്രകാരവും പകര്‍പ്പവകാശ നിയമപ്രകാരവും കൊട്ടാരക്കര പോലീസ് കേസെടുത്ത് അറസ്സ് രേഖപ്പെടുത്തിയെങ്കിലും കുട്ടിയുടെ പ്രായം പരിഗണിച്ച് വെറുതെ വിടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്, 4 പെന്‍ ഡ്രൈവുകള്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദൃശ്യം സിനിമ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത ആര്‍പി മല്ലു മൂവീസ് എന്ന സൈറ്റിനെതിരെയും ഇത്തരം സൈറ്റുകളിലെ അഡ്മിന്‍ അംഗങ്ങളെ കുറിച്ചും അനേ്വഷണം ആരംഭിച്ചിട്ടുണ്ട്.



