പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കി; വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം

തൃശ്ശൂര്‍: വാടാനപ്പള്ളിയില്‍ പതിനഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം. തളിക്കുളം സ്വദേശി കൃഷ്ണന്‍കുട്ടിയെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും ഒടുക്കണം.

2015 ല്‍ വാടാനപ്പിള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. തളിക്കുളം സ്വദേശിയായ 68 കാരനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടില്‍ മീന്‍ വാങ്ങുവാന്‍ ചെന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വാടാനപ്പള്ളി മീന്‍ മാര്‍ക്കറ്റില്‍ നിന്നും മീന്‍ കൊണ്ടുവന്നു വീട്ടില്‍ വച്ച് വില്‍ക്കാറുണ്ട്. അങ്ങനെ അയല്‍വാസിയായ പെണ്‍കുട്ടി മീന്‍ വാങ്ങാന്‍ വന്ന സമയത്താണ് ബലാത്സംഗം ചെയ്തത്.

കേസില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. കൂടാതെ ഡിഎന്‍എ പരിശോധനയില്‍ ഇരയായപെണ്‍കുട്ടിക്ക് ജനിച്ച കുട്ടിയുടെ പിതൃത്വം തെളിയിക്കപ്പെടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.

 

Share news
error: Content is protected !!
Scroll to Top