പതിനൊന്ന് വയസ്സുകാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം; ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ വീട്ടില്‍ക്കയറി ആക്രമിച്ചു

വട്ടിയൂര്‍ക്കാവ്: പതിനൊന്ന് വയസ്സുകാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത് ചോദ്യംചെയ്ത കുടുംബാംഗങ്ങളെ വീട്ടില്‍ക്കയറി ആക്രമിച്ചു. നെട്ടയം കല്ലിംരവിള സ്വദേശികളായ അനില്‍കുമാര്‍, ശ്യാമള, ഇവരുടെ മകന്‍ അഭിജിത്ത് എന്നവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ബാലസംഘം നടത്തിയ പരിപാടിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് വരുന്ന അഭിജിത്തിനെ തടഞ്ഞുനിര്‍ത്തി കവിളില്‍ അടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വീട്ടിലെത്തി അഭിജിത്ത് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് മര്‍ദ്ദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ മര്‍ദ്ദിച്ചയാളിന്റെ നേതൃത്വത്തിലുള്ള സംഘം അനില്‍കുമാറിന്റെ വീട്ടിെത്തി അക്രമം നടത്തുകയായിരുന്നു.

പരിക്കേറ്റവരെ പേരൂര്‍ക്കട ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍കുമാറിന് മൂക്കിനും അഭിജിത്തിന് മുഖത്തും ശ്യാമളയുടെ കൈയ്ക്കുമാണ് പരിക്ക്. അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

പ്രദേശവാസികളായ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതായി വട്ടിയൂര്‍ക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top