വനം വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് എഫ്.എഫ്.ഡബ്ല്യു മിഷന്‍: മന്ത്രി എ. കെ. ശശീന്ദ്രന്‍

HIGHLIGHTS : FFW Mission to reduce forest-wildlife conflict: Minister A. K. Saseendran

മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ എഫ്.എഫ്.ഡബ്ല്യു സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. വയനാട് വന്യജീവി ആക്രമണ ഉന്നതതല അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വനത്തിനുള്ളിലെ കുളങ്ങള്‍, ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ എന്നിവയിലെ ചെളി നീക്കം ചെയ്തും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയവ നിര്‍മ്മിച്ചും പരിപാലിച്ചും വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ ജലലഭ്യത നിലവില്‍ ഉറപ്പുവരുത്തുന്നുണ്ട്. മണ്ണിലെ ഈര്‍പ്പം ഇല്ലാതാക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശയിനം വൃക്ഷത്തോട്ടങ്ങള്‍ ഘട്ടം ഘട്ടമായി മുറിച്ചു നീക്കി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയ വൃക്ഷയിനങ്ങള്‍ നട്ടുപിടിപ്പിക്കുകയെന്നതും ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കിവരുന്നു.

sameeksha-malabarinews

മനുഷ്യ-വന്യമൃഗ സംഘര്‍ഷം കൂടുതലായി അനുഭവപ്പെടുന്ന ജനുവരി-മെയ് മാസങ്ങളില്‍ വനത്തിനുള്ളില്‍ ജലലഭ്യതയും ഭക്ഷ്യലഭ്യതയും ഉറപ്പുവരുത്തുന്നതിന് ഒരു പ്രത്യേക യജ്ഞം എന്ന നിലയിലാണ് Mission Food, Fodder and Water അഥവാ Mission FFW എന്ന പേരില്‍ മിഷന്‍ നടപ്പിലാക്കുന്നത്. ഈ യജ്ഞത്തിന് മൂന്ന് ഘട്ടങ്ങള്‍ ഉണ്ടായിരിക്കും. ഒന്നാം ഘട്ടത്തില്‍ വനമേഖലകളിലെ വയലുകള്‍, ചെക്ക് ഡാമുകള്‍, കുളങ്ങള്‍, പുല്‍മേടുകള്‍ തുറസ്സായ സ്ഥലങ്ങള്‍ എന്നിവയുടെ വിവരശേഖരണവും പുതുതായി ആവശ്യമുള്ള മേഖലള്‍ കണ്ടെത്തലുമാണ് ഉള്ളത്. സംസ്ഥാനത്തെ വനമേഖലകളില്‍ സെക്ഷന്‍/ സ്റ്റേഷന്‍ തലത്തില്‍ വിവരങ്ങള്‍ അടിയന്തരമായി ശേഖരിച്ച് മാപ്പ് ചെയ്യേണ്ടതുമായതിനാല്‍ റെയ്ഞ്ച് തലത്തിലും ഡിവിഷന്‍ തലത്തിലും ക്രോഡീകരിക്കും. 2025 ഫെബ്രുവരി 10ന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കും.

രണ്ടാം ഘട്ടം 2025 ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെയാണ് നടക്കുന്നത്. നിര്‍മ്മാണത്തിനും പരിപാലനത്തിനും വേണ്ട ഫണ്ടുകളും മാനവശേഷിയും പരിശോധിച്ച് പ്രവര്‍ത്തി നിര്‍വ്വഹണം നടത്തുക, വേനലില്‍ വറ്റിപ്പോകുന്ന അരുവികളില്‍ അടിയന്തിരമായി ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2025 മെയ് 1 മുതല്‍ മൂന്നാം ഘട്ടത്തിന് തുടക്കമാകും. ഫയര്‍ സീസണു ശേഷം ചെയ്യേണ്ട പ്രവര്‍ത്തികളുടെ പ്ലാന്‍ തയ്യാറാക്കുക, വന മേഖലയിലെ അധിനിവേശ സസ്യങ്ങള്‍ പൂവിടുന്നതിനു മുമ്പായി വേരോടെ പിഴുത് കളഞ്ഞ് വനത്തിനകത്ത് തുറസ്സായ സ്ഥലങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് മൂന്നാം ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.

വനം വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. വയനാട്ടില്‍ നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനായുള്ള യോഗം ചേര്‍ന്നു. നിലവില്‍ വന്യജീവി സംഘര്‍ഷ സാധ്യതയുള്ളതായ 63 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഡ്രോണ്‍ അടക്കം ഉപയോഗിച്ചുള്ള പരിശോധന തുടരുന്നു. ഇതോടൊപ്പം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വനമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിനായി ഇന്റര്‍‌സ്റ്റേറ്റ് മിനിസ്റ്റര്‍ കൗണ്‍സില്‍ ചേരുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ക്യാമറ മോണിറ്ററിംഗ് സിസ്റ്റം പ്രദേശങ്ങളില്‍ വര്‍ധിപ്പിച്ചു. വനത്തിനകത്ത് നടക്കുന്ന സംഭവങ്ങള്‍ അതാത് സമയം അറിയാന്‍ കഴിയുന്ന റിയല്‍ ടൈം മോണിറ്ററിംഗ് സിസ്റ്റം ഏര്‍പ്പെടുത്തും. പ്രൈമറി റെസ്‌പോണ്‍സ് ടീം ഉടന്‍ നടപ്പിലാക്കാനുള്ള നടപടികളും സ്വീകരിച്ചു. ഈ മേഖലയില്‍ ക്യാമറ സ്ഥാപിക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റി 50 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. യോഗത്തിനുശേഷം എഫ്.എഫ്.ഡബ്ല്യു മിഷന്റെ ലോഞ്ചിംഗ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍ ജ്യോതി ലാലിന് എഫ്.എഫ്.ഡബ്ല്യു ലഘു പുസ്തകം നല്‍കി മന്ത്രി നിര്‍വഹിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!