ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപമുണ്ടാകണം : മന്ത്രി പി രാജീവ്

കേരളത്തിലെ ടെക്‌സ്‌റ്റൈല്‍, കൈത്തറി മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ടെക്‌സ്‌റ്റൈല്‍ കോണ്‍ക്ലേവ് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ രാജ്യത്ത് ഒന്നാം റാങ്കാണ് കേരളത്തിന്. ഈ ബിസിനസ് അവസരം ടെക്‌സ്‌റ്റൈല്‍ വ്യവസായ സംരംഭങ്ങള്‍ ഉപയോഗപ്പെടുത്തണം. ടെക്സ്റ്റൈല്‍ ഹാന്‍ഡ്ലൂം ഉല്‍പ്പന്നങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണം. മനുഷ്യന്റെ ഇന്നത്തെ അഭിരുചികള്‍ മനസിലാക്കി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടണം. നൂതന ആശയങ്ങളിലൂടെ മേഖലയില്‍ ആവശ്യമായ ഉണര്‍വ് നല്‍കാനാകണമെന്നും മന്ത്രി പറഞ്ഞു.

കേരളം ഹൈടെക്ക് നിര്‍മ്മാണങ്ങളുടെയും വിജ്ഞാനപ്രവര്‍ത്തനങ്ങളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങള്‍ മുതല്‍ ചിപ്പ് വരെ നമ്മുടെ സംസ്ഥാനത്ത് നിന്നും നിര്‍മ്മിക്കുന്ന സ്ഥിതിയാണ് വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്നത്. ലോകത്തിലെ പ്രമുഖ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിനും സംരംഭങ്ങള്‍ തുടങ്ങുന്നതിനുമായി താല്‍പ്പര്യം പ്രകടിപ്പിച്ച് വരുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍ മേഖലയുടെ പുരോഗമനത്തിനായി പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട് സിറ്റി, വിഴിഞ്ഞം പോര്‍ട്ട് എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ടെക്‌സ്‌റ്റൈല്‍, പരമ്പരാഗത കൈത്തറി മേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ കൂടുതലായി നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സംസ്ഥാനത്തെ സംരംഭസൗഹൃദ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി 21നും 22നും കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സമ്മിറ്റിന് മുന്നോടിയായി സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയുടെ ഉന്നമനത്തിനും സംരംഭക പ്രോത്സാഹനത്തിനും ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റും സംയുക്തമായിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കേരളത്തിലുള്ള ടെക്‌സ്‌റ്റൈല്‍, ഹാന്‍ഡ്ലൂം, പവര്‍ലും, വസ്ത്രങ്ങളുടെ കയറ്റുമതിയുള്ള വ്യാപാരികള്‍ ഉള്‍പ്പടെ നൂറോളം സംരംഭകര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് മന്ത്രിയുമായി ആശയവിനിമയം നടത്തി.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി മാനേജിങ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഒ എസ് ഡി വിഷ്ണുരാജ് പി, ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ അനില്‍ കുമാര്‍ കെ എസ്, കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top