പിതാവ്‌ സഹദ് ഗര്‍ഭം ധരിച്ചു; ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തില്‍ സിയ പവല്‍

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് സിയ പവലും സഹദും. തന്റെ ആഗ്രഹം മനസിലാക്കി സഹദ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറായിരിക്കുകയാണെന്നാണ് നര്‍ത്തകി കൂടിയായ സിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മാന്‍ പ്രഗ്‌നന്‍സിയാകാം ഇതെന്നും സിയ കുറിപ്പില്‍ പറയുന്നു.

സിയയുടെ കുറിപ്പ് ;-
‘ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാന്‍ അറിഞ്ഞു വളര്‍ന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ‘ അമ്മ’. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മമത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം. ഞാന്‍ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങള്‍ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാള്‍ക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതീക്ഷ.

എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു. കുറഞ്ഞ ദിനങ്ങള്‍ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നല്‍കണേ നാഥാ.

എന്റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക. പിറന്ന ശരീരത്താല്‍ ജീവിക്കാന്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോള്‍ അവന്റെ ശരീരത്തെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാറ്റുവാന്‍ ആരംഭിച്ചു. ഹോര്‍മോണ്‍ തെറാപ്പികളും ബ്രസ്റ്റ് റിമൂവല്‍ സര്‍ജറിയും. കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വര്‍ഷമാകുന്നു.

അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛന്‍ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂര്‍ണ്ണ സമ്മതത്താല്‍ ഇന്ന് 8 മാസം പ്രായമുള്ള ജീവന്‍ തന്റെ ഉദരത്തില്‍ ചലിക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ ഞങ്ങളെടുത്ത തീരുമാനങ്ങള്‍ പിന്തുണച്ചു. ഞങ്ങള്‍ അറിഞ്ഞതില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മാന്‍ പ്ര?ഗ്‌നന്‍സി.

ഒറ്റപ്പെട്ട ജീവിതത്തില്‍ കൊച്ചു കുടുംബമാകുന്ന ഞങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയോടെ കൂടെ നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങള്‍ക്കും ഡോക്ടര്‍ക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നില്‍ക്കുന്ന എല്ലാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു’- സിയ കുറിച്ചു.

കോഴിക്കോട് സ്വദേശനി സിയയുടെയും തിരുവനന്തപുരം സ്വദേശി സഹദിന്റെയും പ്രണയം പൂവിട്ടത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
നൃത്താധ്യാപികയാണ് സിയ. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് സഹദ്.

Share news
error: Content is protected !!
Scroll to Top