Section

malabari-logo-mobile

ഫാറൂഖ് കോളജില്‍ പരിപാടി റദ്ദ് ചെയ്ത സംഭവം, ഞാന്‍ അപമാനിതനായി, എനിക്ക് ഉത്തരം വേണം; ജിയോ ബേബി

HIGHLIGHTS : Farooq College event cancellation, I am humiliated, I want answers; Geo baby

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന കാരണത്താല്‍ സ്റ്റുഡന്റ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും താന്‍ അപമാനിതനായെന്നും ജിയോ ബേബി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

sameeksha-malabarinews

‘നമസ്‌കാരം, ഞാന്‍ ജിയോ ബേബി, എനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാനിവിടെ വന്നത്. ഡിസംബര്‍ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന സബ്ടില്‍ പൊളിറ്റിക്‌സ് ഓഫ് പ്രസന്റ് ഡേ മലയാള സിനിമ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവര്‍ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തിയതി രാവിലെ ഞാന്‍ കോഴിക്കോടെത്തി. കോഴിക്കോട് എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ഈ പരിപാടി അവര്‍ റദ്ദാക്കിയെന്ന്. ഇത് കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവര്‍ക്കും വളരെ വേദനയുണ്ടായി. പക്ഷേ എന്താണ് കാരണം എന്നു ചോദിക്കുമ്പോള്‍ വ്യക്തമായൊരു ഉത്തരവും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്ന് മാറ്റിവയ്ക്കാന്‍ കാരണമെന്തെന്ന് അറിയാന്‍ കോളജ് പ്രിന്‍സിപ്പാളിന് ഞാനൊരു മെയില്‍ അയച്ചു. എന്താണ് എന്നെ മാറ്റി നിര്‍ത്തുവാനുള്ള കാരണമെന്ന്. വാട്ട്‌സാപ്പിലും ബന്ധപ്പെട്ടു. പക്ഷേ ഇതുവരെ മറുപടിയില്ല. അതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് ശേഷം ഫാറൂഖ് കോളജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഒരു കത്ത് ഈ എനിക്ക് ലഭിക്കുകയുണ്ടായി. അത് ഫോര്‍വേര്‍ഡ് ചെയ്ത് എനിക്ക് കിട്ടിയതാണ്.

ഫാറൂഖ് കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023-ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂണിയന്‍ സഹകരിക്കുന്നതല്ല. എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ട് ആ പരിപാടി കാന്‍സല്‍ ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. കോഴിക്കോട് വരെ യാത്ര ചെയ്ത് തിരിച്ചുവരണമെങ്കില്‍ ഒരു ദിവസം വേണം. ഇത്രയും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കാളൊക്കെ ഉപരിയായി ഞാന്‍ അപമാനിതനായിട്ടുണ്ട്. അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം ചെയ്തില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്’- ജിയോ ബേബി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!