കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ തിരിച്ചെത്തി; കാണാതായ ബിജുവിനായുള്ള തെരച്ചില്‍ തുടരുന്നു

കൊച്ചി: കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെയാണ് 26 പേരടങ്ങിയ സംഘം തിരിച്ചെത്തിയത്.

ഇവര്‍ക്കൊപ്പം പോയ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് തിരികെയെത്തിയവര്‍ പറഞ്ഞു. ബിജു തലവേദനക്ക് മരുന്നു വാങ്ങാണമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും ഇസ്രായേല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും കൂടെ പോയവര്‍ പറഞ്ഞു.

ഈ മാസം 12 നാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകര്‍ ഇസ്രായേലിലേക്ക് പോയത്.

ഇസ്രായേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍ നിന്നാണ് ബിജു കുര്യനെ കാണാതായത്. തുടര്‍ന്ന് ഇയാള്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.മെയ് എട്ടുവരെ ബിജു കുര്യന്റെ വിസയ്ക്ക് കാലാവധിയുണ്ട്. അതെസമയം ഇയാള്‍ സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

യാത്രക്കിടയില്‍ ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ബിജുവിന് അപകടം സംഭവിച്ചിട്ടില്ലെന്നും എംബസിയിലും പോലീസിലും പരാതി നല്‍കിയെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top