കർഷക സമരം;  മൂന്ന്‌ കാർഷിക നിയമങ്ങളും പിൻവലിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിവാദമായ 3 കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി തൽസമയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക്ക് ദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ നയങ്ങൾക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിൻവലിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കർഷകർ സമരത്തിലാണ്. 2020 നവംബർ 26നായിരുന്നു കാർഷിക നിയമങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ സമരം ആരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22 നായിരുന്നു കേന്ദ്രസർക്കാർ അവസാനമായി കർഷകരുമായി ചർച്ച നടത്തിയിരുന്നത്.

അടുത്ത മാസം ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഔദ്യോഗികമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. വ്യാപകമായി എതിർപ്പുയർന്ന സാഹചര്യത്തിൽ മൂന്നു നിയമങ്ങളും പിൻവലിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് മോദി പറഞ്ഞു . താങ്ങുവില അടക്കം തീരുമാനിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. കർഷകർ സമരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top