Section

malabari-logo-mobile

മഴവെള്ളം കയറി ദുരിതത്തിലായി പരപ്പനങ്ങാടിയിലെ കര്‍ഷകര്‍

HIGHLIGHTS : Farmers in Parappanangadi in distress due to rains

പരപ്പനങ്ങാടി: തുടര്‍ച്ചയായി പെയ്ത മഴമൂലം കൃഷിയിടത്തില്‍ വെള്ളക്കെട്ടുണ്ടായിരിക്കുന്നത് പരപ്പനങ്ങാടിയിലെ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. നെടുവ വില്ലേജിലെ കാര്‍ഷിക മേഖലകളായ മധുരം കാട്, മുങ്ങാത്തം കുണ്ട് ,ഇല്ലിക്കല്‍, പത്തായ ചിറ, എരഞ്ഞിപ്പുഴത്തറ, എന്നിവിടങ്ങളിലെ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.

കൊഴുകുമ്മല്‍ സുബ്രഹ്മണ്യന്‍, പുന്നക്കലൊടി ചന്ദ്രന്‍ ,ചെറുമണ്ണില്‍ രാമന്‍ ,മുങ്ങാത്തം തറ സുബ്രഹ്മണ്യന്‍ എന്നിവരുടെ വാഴകൃഷിയിടത്തിലും, മുങ്ങാത്തം കുണ്ടില്‍ സുബ്രഹ്മണ്യന്റെ ദിവസങ്ങള്‍ കഴിഞ്ഞാല്‍ വിളവെടുപ്പിന് പാകമായ വെണ്ട, പയര്‍ കൃഷിയിടത്തിലുമാണ് ദിവസങ്ങളായി വെള്ളം കെട്ടി നില്‍ക്കുന്നത്. വെള്ളം ഒഴിഞ്ഞ്‌പോകാതെ ദിവസങ്ങളോളമായി കെട്ടിക്കിടക്കുന്നത് കാരണം കൃഷി നശിച്ചു കൊണ്ടിരിക്കുകയാണ്. പല കര്‍ഷകരും സ്വര്‍ണ്ണം പണയപ്പെടുത്തിയും കൈ വായ്പയായ് സ്വരൂപിച്ച പണം ഉപയോഗിച്ചുമെല്ലാമാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൃഷി നശിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയും മാനസിക സംഘര്‍ഷവുമാണ് ഉണ്ടാക്കുന്നത്. മഴ വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ കൃഷി പൂര്‍ണമായും നശിച്ചുപോയേക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

sameeksha-malabarinews

നെടുവ വില്ലേജിലെ നിലവില്‍ വെള്ളമൊഴുകുന്ന തണ്ടാണിപ്പുഴ മുതല്‍ കല്‍പ്പുഴ വരെയുള്ള തോട് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞത് നവീകരണം നടത്താത്തതും പായലും കുളവാഴയും മറ്റു മാലിന്യങ്ങള്‍ നിറഞ്ഞതും ഒഴുക്ക് തടസ്സപ്പെടുത്തുന്നുണ്ട്. പതിമൂന്നാം ഡിവിഷനിലെ കീരിഞ്ചിത്തറ ഭാഗത്ത് തോട് കൈയ്യേറിയത് കാരണം നിലവില്‍ വീതി കുറഞ്ഞിട്ടുണ്ട്. പല ഭാഗത്തും തോട് കൈയ്യേറ്റമുണ്ടെന്നും അതെല്ലാം അളന്ന് തിട്ടപ്പെടുത്തി കെട്ടി സംരക്ഷിച്ചെങ്കില്‍ മാത്രമേ വെള്ളമൊഴുക്കിന് ശാശ്വത പരിഹാരമാവുകയുള്ളൂവെന്നും കര്‍ഷകരും പ്രദേശവാസികളും പറയുന്നു. കീരിഞ്ചിത്തറ ഭാഗത്തെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഒപ്പുശേഖരണത്തോടെയുള്ള പരാതി സമര്‍പ്പിക്കുമെന്നും കൃഷി നഷ്ടപ്പെട്ടവരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അര്‍ഹമായ ആനുകൂല്യം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കര്‍ഷകരായ കൊഴു കുമ്മല്‍ സുബ്രഹ്മണ്യന്‍, ചെറുമണ്ണില്‍ രാമന്‍,മുങ്ങാത്തം കുണ്ടില്‍ സുബ്രഹ്മണ്യന്‍ താഴേങ്ങല്‍ വിനോദന്‍ ,മുങ്ങാത്തം തറ സുബ്രഹ്മണ്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!