വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

HIGHLIGHTS : Famous dancer Yamini Krishnamurthy passed away

ദില്ലി : വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത നര്‍ത്തകിയായിരുന്നു യാമിനി കൃഷ്ണമൂര്‍ത്തി. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലക്കാരിയാണ്. പതിനേഴാം വയസിലായിരുന്നു നൃത്തത്തിലെ അരങ്ങേറ്റം. എ പാഷന്‍ ഫോര്‍ ഡാന്‍സ്’ എന്ന പേരില്‍ ആത്മകഥയെഴുതിയിട്ടുണ്ട്. ദില്ലിയിലെ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ നാളെ രാവിലെ 9 മണി മുതല്‍ പൊതു ദര്‍ശനം നടക്കും.

സംസ്‌കൃത പണ്ഡിതനും കവിയുമായ എം.കൃഷ്ണമൂര്‍ത്തിയുടെ മകളായി ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മടനപ്പള്ളിയില്‍ 1940 ഡിസംബര്‍ 20 നായിരുന്നു ജനനം. അഞ്ച് വയസ് മുതല്‍ ഭരതനാട്യം പഠനം ആരംഭിച്ചു. പിന്നീട് തഞ്ചാവൂര്‍ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി പിള്ള, മൈലാപ്പുര്‍ ഗൗരിയമ്മ തുടങ്ങിയ നര്‍ത്തകരുടെ കീഴില്‍ കൂടുതല്‍ പരിശീലനം നേടി.

sameeksha-malabarinews

വേദാന്തം ലക്ഷ്മിനാരായണ ശാസ്ത്രി, ചിന്താ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ശിഷ്യയായി കുച്ചിപ്പുടിയും പങ്കജ് ചരണ്‍ ദാസിന്റെയും കേളുചരണ്‍ മഹാപത്രയുടെയും കീഴില്‍ ഒഡീസിയും പഠിച്ചു. ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കല്‍ ശൈലികള്‍ക്ക് രാജ്യാന്തര നൃത്തവേദികള്‍ അംഗീകാരം നേടിക്കൊടുത്തതില്‍ യാമിനിയുടെ പങ്ക് വലുതാണ്. യാമിനി കൃഷ്ണമൂര്‍ത്തിയെ രാജ്യം 1968 ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ , 2016 ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!