Section

malabari-logo-mobile

ഫഹ്‌മിന്‍ പ്രവേശനോത്സവത്തിനെത്തിയത് പരപ്പനങ്ങാടി സിഐക്കൊപ്പം പോലീസ് ജീപ്പില്‍; ഏറെ നൊമ്പരങ്ങള്‍ക്കിടയിലും അഭിമാനത്തോടെ

HIGHLIGHTS : Fahmin came to the entrance ceremony in a police jeep along with Parapanangadi CI

ചേര്‍ത്തു പിടിച്ച് പെംസ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്‌കൂളില്‍ ഇന്നലെ (തിങ്കള്‍) പ്രവേശനോല്‍സവത്തിനിടെ കാമ്പസിലേക്ക് ആ പൊലീസ് ജീപ്പ് കടന്ന് വന്നത് നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളുമായായിരുന്നു. കുട്ടികളും രക്ഷിതാക്കളും ആകാംക്ഷയോടെ നോക്കിനില്‍ക്കെ പരപ്പനങ്ങാടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷിന്റെ കൈപിടിച്ച്, തോളില്‍ പുതിയ പുസ്തക സഞ്ചിയും പുത്തനുടുപ്പുമണിഞ്ഞ് കൗതുകം മുറ്റിയ മുഖവുമായി അവനിറങ്ങി വന്നു. താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സ്വബ്റുദ്ദീന്റെ മൂത്തമകന്‍ ഫഹ്‌മിന്‍ അബുവായിരുന്നു പൊലീസ് ജീപ്പില്‍ സ്‌കൂളില്‍ ചേരാനെത്തിയത്.

sameeksha-malabarinews

കൈപിടിച്ച് സ്‌കൂളിലെത്തിക്കാന്‍ പൊലീസുകാരനായിരുന്ന വാപ്പയില്ലെങ്കിലും പൊലീസ് ജീപ്പില്‍ പോവണമെന്നത് ഫഹ്‌മിയുടെ ഒരാഗ്രഹമായിരുന്നു. അതറിഞ്ഞ സി ഐ ജിനേഷ് തന്നെ ജീപ്പുമായി വീട്ടിലെത്തി അവനെയെടുത്ത് സ്‌കൂളിലേക്ക് വരികയായിരുന്നു. ഭാവിയില്‍ വാപ്പയെ പോലെ ജനകീയനായ ഒരു പൊലീസുകാരനാവാന്‍ ആഗ്രഹിക്കുന്ന ഫഹ്‌മിക്ക് സി ഐയുടെ കൂടെയുള്ള വരവ് വേദനക്കിടയിലും ഏറെ അഭിമാനം കൂടിയായി. സ്‌കൂളിലെത്തിയ ഫഹ്‌മിയെ പെംസ് മാനേജര്‍ ഇ ഒ അബ്ദുല്‍ ഹമീദ്, പ്രിന്‍സിപ്പാള്‍ എം ബി ബീന, പി ടി എ പ്രസിഡന്റ് പി കെ ഫിറോസ്, അഡ്മിനിസ്‌ട്രേറ്റര്‍ മന്‍സൂര്‍ അലി തുടങ്ങിയവര്‍ സ്വീകരിച്ചു.

സ്വബ്റുദ്ദീന്റെ മക്കള്‍ക്ക് പെംസ് സിബിഎസ്ഇ സ്‌കൂളിലും ഇസ്ലാഹിയ സി ഐ ഇ ആര്‍ മദ്രസയിലും അല്‍ഫിത്റ പ്രീസ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ (ഇ.സി.സി.സി) നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ചിറമംഗലത്തെ സ്‌കൂളില്‍ പഠിച്ചിരുന്ന ഫഹ്‌മിന്‍ മൂന്നാം ക്ലാസിലേക്കാണ് പെംസ് സ്‌കൂളിലേക്കെത്തുന്നത്. സ്വബ്റുദ്ദീന്റെ മകള്‍ ആയിഷാ ദുആ അല്‍ഫിത്റ പ്രീ സ്‌കൂളിലാണ് ചേര്‍ന്നത്. ഇ സി സി സിക്ക് കീഴിലുള്ള ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായിരുന്നു സ്വബ്‌റുദ്ദീന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!