Section

malabari-logo-mobile

‘നിന്റെയൊന്നും മാപ്പും കോപ്പുമല്ലെടാ ഓമനക്കുട്ടനെ കമ്യൂണിസ്റ്റാക്കിയത് മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന വി.കെ.ജോബിഷിന്റെ പോസ്റ്റ് വൈറലാകുന്നു

HIGHLIGHTS : ആലപ്പുഴയില്‍ ദുരിതാശ്വാസക്യാമ്പില്‍ പിരിവുനടത്തി എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രൂക്ഷമായ മാധ്യമവിചാരണക്ക് വിധേയനായ

ആലപ്പുഴയില്‍ ദുരിതാശ്വാസക്യാമ്പില്‍ പിരിവുനടത്തി എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രൂക്ഷമായ മാധ്യമവിചാരണക്ക് വിധേയനായ ഓമനക്കുട്ടനെന്ന സിപിഎഐം ലോക്കല്‍കമ്മറ്റിയംഗത്തിന് പിന്തുണ പ്രഖ്യപിച്ചുകൊണ്ട് എഴുത്തുകാരനും അധ്യാപകനുമായ വി.കെ ജോബിഷ് ഫെയ്‌സ് ബുക്കില്‍ കുറിച്ച കുറിപ്പ് വൈറലാകുന്നു. ഹൃദയത്തിന്റെ ഭാഷയിലാണ് ജോബിഷിന്റെ പോസ്റ്റ് ഓമനക്കുട്ടനോട് ഐക്യപ്പെടുന്നതെന്ന് ചിലര്‍ പ്രതികരിക്കുന്നു.

വി.കെ.ജോബിഷിന്റെ പോസ്റ്റ്

sameeksha-malabarinews

ലിജോജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസിക് സിനിമയുണ്ട്, ഈ.മ.യൗ-അഥവാ ഈശോ മറിയം യൗസേപ്പ്.
ഈ.മ.യൗവിലെ വിനായകന്‍ അവതരിപ്പിച്ച വാര്‍ഡ് മെംബര്‍ അയ്യപ്പനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാവും. സംവിധായകനോ തിരക്കഥാകൃത്തോ ഒരക്ഷരം പറഞ്ഞില്ലെങ്കിലും
ആ പടം കണ്ടിറങ്ങിയവര്‍ക്കാര്‍ക്കും അയ്യപ്പന്റെ പാര്‍ട്ടി ഏതാണെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. ജീവിതം കൊണ്ടാണ് എക്കാലത്തും മനുഷ്യര്‍ കമ്മ്യൂണിസ്റ്റായിട്ടുള്ളത്.
അയ്യപ്പനുമതേ,ഓമനക്കുട്ടനുമതേ.!

എഴുപതിനായിരം കോടി കട്ട് രാജ്യം വിടുന്ന കോര്‍പ്പറേറ്റ് ഭീമനും എഴുപതു രൂപ സഹജീവികളുടെ കണ്ണീരൊപ്പാന്‍ കൈനീട്ടി വാങ്ങുന്ന കമ്മ്യൂണിസ്റ്റുകാരനും ഒരേ വാര്‍ത്താപ്രാധാന്യമാണ് ഈ രാജ്യത്ത്. ഇക്കളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഇക്കണ്ട ചാനലുകളെല്ലാമുണ്ടാവുന്നതിനുമുമ്പ് പ്രിന്റഡ് മീഡിയയുടെ മൊണോപ്പളി നിലനിന്ന കാലത്തും ഇതുണ്ട്. കള്ളംപറഞ്ഞും കുതികാല്‍ വെട്ടിയും തന്നെയാണ് മാധ്യമതമ്പുരാക്കന്‍മാര്‍ ചരിത്രപരമായി അവരുടെ സാമ്രാജ്യം വികസിപ്പിച്ചിട്ടുള്ളത്.ഈ സാമ്രാജ്യ വികാസത്തിന്റെ പരിണാമ ചരിത്രത്തിലൊരിടത്തുവെച്ചാണ്,
‘ദൃശ്യമാധ്യമങ്ങള്‍ കേരളത്തിലെ പ്രിന്റഡ് മാധ്യമങ്ങള്‍ക്ക് ഭീഷണിയായിത്തീരില്ല. കാരണം നമ്മള്‍ നുണ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള വായനക്കാരാണ്’ എന്ന് മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ പറഞ്ഞത്. ചാരക്കേസ് എന്ന വലിയ ഒരു നുണക്കഥയുടെ പേരില്‍ പുറത്തുപോകേണ്ടിവന്ന കരുണാകരന് ജീവിതംകൊണ്ടത് ബോധ്യമായതാണ്.അന്ന് മാധ്യമങ്ങള്‍ നിര്‍മ്മിച്ച ആ കെട്ടുകഥയിലൊലിച്ചു പോയത് ഒരൊറ്റ ജീവിതം മാത്രമല്ല.എന്നാല്‍ കരുണാകരനെതിരായ സത്യങ്ങള്‍ പുറത്തു പറയേണ്ട ഇതേ മാധ്യമങ്ങള്‍ അത് പറഞ്ഞിട്ടുമില്ല.
പ്രിന്റിനെ വെല്ലുന്ന കെട്ടു/ കെട്ടകഥകളുമായാണ് ഇന്നിപ്പോള്‍ സ്വകാര്യ ദൃശ്യമാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. അതിനെതിരെ ഇപ്പോഴെങ്കിലും നിയമപരമായി നടപടിയെടുത്തില്ലെങ്കില്‍ നമ്മളുള്‍പ്പെടെയുള്ള എല്ലാ മനുഷ്യരെയും നാളെ ഈ മാധ്യമങ്ങള്‍ പ്രതിപ്പട്ടികയിലാക്കിയേക്കുമെന്നുറപ്പാണ്. ഓമനക്കുട്ടന്‍ ‘കഥ’ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ക്ക് തുടക്കമാകേണ്ടതുണ്ട്.

മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ നാലാംതൂണാണ്. അവ ഭരണകൂടത്തിന്റെ പ്രതിപക്ഷമാകേണ്ടതുണ്ട്. അതുപക്ഷെ ഇല്ലാത്ത പ്രതികളെ സൃഷ്ടിച്ചുകൊണ്ടല്ല. ഏതൊരു മനുഷ്യനും ഏതൊരു സംഭവവും ഒരു നിമിഷത്തെയോ ഒരു ദിവസത്തെയോ മാധ്യമങ്ങളുടെ എക്‌സ്‌ക്ലുസീവ് സ്റ്റോറിയാകാം. സത്യസന്ധമല്ലെങ്കില്‍ ആ സ്റ്റോറി ഇല്ലാതാക്കുന്നത് ഒരു മനുഷ്യനെ മാത്രമായിരിക്കില്ല.മറിച്ച് ഒരു നാടിന്റെ ധാര്‍മ്മിക മൂല്യങ്ങളെയാകെയാകും. പൗരബോധമുണ്ടാക്കുകയാണ് മാധ്യമങ്ങളുടെ പ്രാഥമിക ധര്‍മ്മം. അത് സ്വകാര്യ ചാനലായാലും ഗവണ്‍മെന്റ് ചാനലായാലുമതെ.
സ്വകാര്യ ചാനല്‍ എന്നതിലേ സ്വകാര്യമുള്ളൂ. പക്ഷെ അതിന്റെ നിലനില്‍പ്പ് പൊതുവിടത്തിലാണെന്നോര്‍മ്മവേണം.

നെഹ്‌റുവിന്റെ കാലത്ത് സ്വകാര്യ ചാനല്‍ എന്ന ആശയംപോലും ദേശവിരുദ്ധമായിരുന്നു. സംഘ പരിവാരത്തിന്റെ വസന്തകാലത്ത് നെഹ്‌റു ദേശവിരുദ്ധനായതുകൊണ്ടാവണം സ്വകാര്യ ചാനലുകള്‍ക്ക് പഴയ ദേശ വിരുദ്ധമുഖമില്ലാത്തത്.!
സാമൂഹിക വിരുദ്ധമായതിനെ ദേശീയതയുടെ പട്ടില്‍പ്പൊതിഞ്ഞ് എഴുന്നള്ളിക്കുന്ന പണിയാണ് സംഘ പരിവാരത്തിന്റെത് ,ഒരര്‍ത്ഥത്തില്‍ ഇക്കൂട്ടരുടേതും.!
വലിയൊരു മുറിവുണക്കാന്‍, എല്ലാത്തരം ഭിന്നതകളെയും മറന്നുകൊണ്ട് ജനതയൊന്നാകെ പരസ്പരം കൈകോര്‍ത്തുകൊണ്ട് പ്രളയാനന്തര കേരളത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടയിലാണ് അതിനൊപ്പം നില്‍ക്കാതെ സെന്‍സേഷണലിസത്തിന്റെയും ഗോസിപ്പുകളുടെയും മസാല കലര്‍ത്തി ദുരിതാശ്വാസ ഇടങ്ങളില്‍ നിന്നുപോലും ‘ദേശവിശുദ്ധ’മായ, പൗരധര്‍മ്മത്തിനെതിരായ വാര്‍ത്തകള്‍ ഈ ചാനലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഓമനക്കുട്ടന്‍ എന്ന മനുഷ്യന്‍ അതിന്റെ, അതിന്റെമാത്രം ഇരയാണ്. നിസ്സഹായനും ദുര്‍ബലനുമായ ഇര. ഇത്തരം ഇരകളെ സൃഷ്ടിച്ച് ഒടുക്കം മാപ്പു പറഞ്ഞ് പിന്‍വാങ്ങിയാല്‍പ്പോലും ഉണങ്ങുന്നതല്ല ആ മുറിവ്. നിങ്ങളുണ്ടാക്കിയ ‘പ്രതി’യെ ജീവിതത്തില്‍ നിന്നു പുറത്താക്കാതെ ഞങ്ങള്‍ ചേര്‍ത്തു പിടിച്ചോളാം.
അപ്പോള്‍ നിങ്ങള്‍ക്കിടയിലെ പ്രതിയെ നിങ്ങളെന്തു ചെയ്യും- നിങ്ങള്‍ക്കുള്ളിലെയും.?

ഏത് വലതു ഗ്രൗണ്ടിലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് എന്നും ഒരിടമുണ്ടായിരുന്നു. ആ ഇടത്തെ പിന്‍പറ്റിയാണ് കേരളത്തിലെ മാധ്യമങ്ങളും കളി പഠിച്ചത്.
നീതി, സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളെല്ലാം ഒരു പാര്‍ട്ടി മാത്രം കൊണ്ടു നടക്കേണ്ടതാണെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ മാധ്യമങ്ങള്‍ക്കെല്ലാമുണ്ട്.അത് തുടരട്ടെ.
കമ്മ്യൂണിസവും മാര്‍ക്‌സിസവും പ്രത്യയശാസ്ത്രമെന്നതു പോലെതന്നെ അനേകം മൂല്യസങ്കല്‍പ്പങ്ങളുംകൂടി ചേര്‍ന്ന അനുഭവമായിട്ടാണ് മനുഷ്യരാശിയുടെ ചരിത്രത്തിലിന്നോളം പ്രവര്‍ത്തിച്ചിട്ടുള്ളത്.
സര്‍വരാജ്യത്തൊഴിലാളികളേ എന്നത് കമ്മ്യൂണിസ്റ്റുകള്‍ മുദ്രാവാക്യത്തിന്റെ സൗന്ദര്യം കൊണ്ട് മാത്രം വിളിക്കുന്നതല്ല. അയ്യപ്പനെയും ഓമനക്കുട്ടനെയും പോലുള്ള മനുഷ്യപക്ഷ പോരാളികള്‍ തൊണ്ടകീറി വിളിച്ചു പഠിപ്പിച്ചതാണത്. ഓമനക്കുട്ടന്‍മാര്‍ക്ക് പാര്‍ട്ടി ജീവിതവൃത്തിയല്ല. അതവരുടെ ശീലമാണ്. ആ അനുകമ്പയുടെയും പാരസ്പര്യത്തിന്റെയും നിരവധി കൈവഴികളിലൊന്നിനു മാത്രമാണ് ഇന്നലെ നമ്മളും സാക്ഷിയായത്. പക്ഷെ ആ മനുഷ്യനെയും വേട്ടയാടാന്‍ ദൗര്‍ഭാഗ്യവശാല്‍ നമുക്കൊരു മീഡിയയുണ്ടായി.
ഈശോ മറിയം യൗസേപ്പേ നീ ഈ മാധ്യമങ്ങളെ രക്ഷിക്കേണമേ.!

എല്ലാം കുത്തിയൊലിച്ച് പോയ പെരുമഴയിലും കണ്ണീരൊപ്പാന്‍ കരകവിഞ്ഞൊഴുകിയ പാരസ്പര്യത്തിന്റെ ഒരു പുഴയുണ്ടായിരുന്നു കേരളത്തില്‍.
അതിലാണ് ഒരു കയ്യറപ്പുമില്ലാതെ മാധ്യമങ്ങള്‍ വിഷം കലക്കിയിരിക്കുന്നത്. കരളുനുറുങ്ങുന്ന ആ കാഴ്ച കണ്ട് പതറിപ്പോയിരിക്കണം സഖാവ് ഓമനക്കുട്ടന്‍. ഒറ്റനിമിഷംകൊണ്ടാണ് മാധ്യമങ്ങള്‍ ആ ജനസേവകനെ – ആ ജനനേതാവിനെ ഒറ്റയ്ക്കാക്കിക്കളഞ്ഞത്. പക്ഷെ അതിലല്ല അത്ഭുതം.
നാഴികയ്ക്ക് നാല്‍പ്പത് വട്ടം മാധ്യമങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന ഓമനക്കുട്ടന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയും ഈ കെണിയില്‍പ്പെട്ടു എന്നതിലാണ്. പ്രളമായതുകൊണ്ടാകാം ആ പാര്‍ട്ടിക്ക് മാധ്യമ സിന്‍ഡിക്കേറ്റിനെ മണത്തില്ല,പ്രളയ ദുരന്തം.
ഒരു വലിയ സംഘടന പിന്നിലുണ്ടായിട്ടും ഒരാള്‍ ഒരൊറ്റ ദിവസമെങ്കിലും ഇങ്ങനെ ഒറ്റപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന മനുഷ്യര്‍ എക്കാലവും പ്രതിപ്പട്ടികയില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ഒറ്റയ്ക്കുതന്നെ നില്‍ക്കുന്ന ചിത്രത്തിലും ചരിത്രത്തിലുമായിരിക്കും അവസാനിക്കുക.

കാരിരുമ്പിന്റെ കരുത്തുണ്ടാവും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഉടലിന് എന്ന് വിപ്ലവങ്ങളുടെ ചരിത്ര പുസ്തകങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
സഖാവ് ഓമനക്കുട്ടനെ കണ്ടപ്പോള്‍, ലിജോ ജോസിന്റെ അയ്യപ്പനെ കണ്ടപ്പോള്‍ അതുണ്ടെന്നുതന്നെ തോന്നി. പക്ഷെ നിങ്ങളുടെ മനസിന് കാരിരുമ്പിന്റെ കരുത്തുണ്ടോ എന്ന് ഞങ്ങള്‍ക്കറിയില്ല. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കെതിരെ നില്‍ക്കാന്‍ നാടിനെപ്പോഴും ഒരു കോമ്രേഡിനെ ആവശ്യമുണ്ട്.
ഡിയര്‍ കോമ്രേഡ് തളര്‍ന്നു പോകരുത്.
നിന്റെയൊന്നും മാപ്പും കോപ്പുമല്ലെടാ ഓമനക്കുട്ടനെ കമ്മ്യൂണിസ്റ്റാക്കിയതെന്ന് നെഞ്ചൂക്കൂടെ പറഞ്ഞുതന്നെ മുന്നോട്ടു പോകുക.
അഭിവാദ്യങ്ങള്‍.

painting courtesy;  sreekumar menon

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!