മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍; വിക്കറ്റ് 1, ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പി.വി. അന്‍വര്‍

HIGHLIGHTS : Ex Pathanamthitta SP Sujith Das suspended

തിരുവനന്തപുരം: പത്തനത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്നു സുജിത് ദാസ് ഐപിഎഎസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. പുറത്തുവന്ന ഫോണ്‍ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് ഒടുവില്‍ സുജിതിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുജിത്തിനെ സ്ഥലംമാറ്റിയിരുന്നു.

സുജിത് ദാസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാന്‍ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി. അതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

sameeksha-malabarinews

മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മരം മുറി കേസൊതുക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. നടപടി സ്ഥലം മാറ്റത്തിലൊതുക്കിയെന്നായിരുന്നു വിമര്‍ശനം. പിന്നാലെ പത്തനംതിട്ട എസ്പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിവി അന്‍വറിനെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് എസ്പിക്കെതിരായ പ്രധാന ആരോപണം. ഇദ്ദേഹം എംആര്‍ അജിത്ത് കുമാറിനെയും സഹ പ്രവര്‍ത്തകരെയും അടച്ചാക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. സുജിത് ദാസിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സേനയെ ആകെ നാണക്കേടിലാക്കിയ സംഭവമാണെന്നും ഡിഐജി അജീത ബീഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസില്‍ നിന്നും മരംമുറിച്ച് കടത്തിയ സംഭവത്തില്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലപ്പുറം എസ്പി ഓഫീസില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ക്യാമ്പ് ഓഫീസില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്.

സുജിത് ദാസിന്റെ സസ്പെന്‍ഷനില്‍ പ്രതികരിച്ച് പി.വി. അന്‍വര്‍ രംഗത്തെത്തി. വിക്കറ്റ് നമ്പര്‍ 1..ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നായിരുന്നു ഫെയ്സ്ബുക്കില്‍ അന്‍വര്‍ കുറിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!