ഉപയോഗശൂന്യമായ മരുന്നുകള്‍ വലിച്ചെറിയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും: ആരോഗ്യമന്ത്രി, എന്‍പ്രൗഡ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

ഉപയോഗശൂന്യമായ മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം നിക്ഷേപിക്കുന്നതും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എന്‍ പ്രൗഡ് (nProud- New program for the removal of unused drugs) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന മരുന്നുകള്‍ മാലിന്യങ്ങള്‍ക്കൊപ്പം സംസ്‌കരിക്കപ്പെടുകയാണ് സാധാരണ ചെയ്യാറുള്ളത്. മണ്ണിലും ജലാശയങ്ങളിലും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിപ്പെടുന്നത് മണ്ണിനും മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അത്യന്തം അപകടകരമാണ്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതി ആദ്യഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. സമഗ്രമായ പൈലറ്റ് സ്റ്റഡിക്ക് ശേഷം കേരളത്തില്‍ മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന മുഹൂര്‍ത്തമാണെന്നും മന്ത്രി പറഞ്ഞു.

വീടുകളില്‍ നേരിട്ടു ചെന്നും പ്രത്യേക കേന്ദ്രങ്ങളില്‍ സുരക്ഷിതമായി ഒരുക്കുന്ന കലക്ഷന്‍ കേന്ദ്രങ്ങളിലൂടെയും ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കുകയും അവ അവ ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ മെഡിക്കല്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് ഇതിനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും അവ വേണ്ട രീതിയില്‍ വിജയിച്ചിരുന്നില്ല. ജനകീയ പങ്കാളിത്തത്തോടെ വീടുകളില്‍ നേരിട്ടെത്തി മരുന്നുകള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന രീതി രാജ്യത്ത് ആദ്യമായാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ആന്റി മൈക്രോബിയല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യു വാനുള്ള എന്‍ പ്രൗഡ് പദ്ധതി കേരള സര്‍ക്കാരിന്റെ 18 മാസ കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്.

ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ആന്റിബയോട്ടിക് മരുന്നുകള്‍ വില്‍പ്പന നടത്തുന്നത് തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി വിജയം കണ്ടതായും മന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ആന്റിബയോട്ടിക്ക് മരുന്നുകളുടെ വില്‍പ്പനയില്‍ ആയിരത്തിലേറെ കോടി രൂപയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവന്‍ എം പി, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡേ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ് സുജിത്ത് കുമാര്‍ കെ, ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി അജിത, ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജു ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പൊതുജനങ്ങള്‍ക്ക് ഉപയോഗ യോഗ്യമല്ലാത്ത മരുന്നുകള്‍ നേരിട്ട് നിക്ഷേപിക്കാനായി ഒരുക്കിയ ഡ്രോപ്പ് ബോക്‌സിന്റെ ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ്പും, മരുന്നുകള്‍ ശേഖരിച്ച് നിര്‍മാര്‍ജ്ജനത്തിനായി കൊച്ചിയിലെ കീല്‍ കമ്പനിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് മേയറും എം കെ രാഘവന്‍ എം പിയും ചേര്‍ന്നും നിര്‍വഹിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top