HIGHLIGHTS : English Premier League: City Champions
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍. തുടര്‍ച്ചയായ മൂന്നാംതവണയാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും ഇംഗ്ലണ്ടില്‍ കിരീടമുയര്‍ത്തുന്നത്. രണ്ടാമതുള്ള അഴ്സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഒരു ഗോളിന് തോറ്റതോടെയാണ് മൂന്നുകളി ബാക്കിനില്‍ക്കേ സിറ്റി ഉറപ്പിച്ചത്. 35 കളിയില്‍ 85 പോയിന്റാണ്. സീസണിന്റെ തുടക്കം മുന്നേറിയ അഴ്സണലിന് മുപ്പത്തേഴില്‍ 81. ആകെ 38 മത്സരമാണ് ലീഗില്‍. ഇന്ന് സിറ്റി സ്വന്തംതട്ടകമായ ഇത്തിഹാദില്‍ ചെല്‍സിയെ നേരിടുന്നുണ്ട്.
ഈ സീസണില്‍ മൂന്ന് ട്രോഫിയാണ് ഗ്വാര്‍ഡിയോളയും സിറ്റിയും ആഗ്രഹിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജൂണ്‍ 10ന് ഇന്റര്‍ മിലാനെ നേരിടും. എഫ്എ കപ്പ് കലാശപ്പോരില്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് എതിരാളി. ജൂണ്‍ മൂന്നിനാണ് കളി. 2016ല്‍ ഗ്വാര്‍ഡിയോള പരിശീലകനായശേഷമുള്ള അഞ്ചാംപ്രീമിയര്‍ ലീഗാണ് സിറ്റി ഉയര്‍ത്തിയത്. അവസാന ആറ് സീസണില്‍ അഞ്ചിലും ജേതാക്കളായി. സ്പാനിഷുകാരനുകീഴില്‍ ആകെ 12 ട്രോഫികളുണ്ട് സിറ്റിക്ക്. പട്ടികയില്‍ 16-ാം സ്ഥാനത്തുള്ള നോട്ടിങ്ഹാം അഴ്സണലിനെതിരെ തകര്‍പ്പന്‍ കളി പുറത്തെടുത്തു. തൈവോ അവോനിയാണ് ആദ്യപകുതിയില്‍ വിജയഗോള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചപ്പോള്‍ ലിവര്‍പൂള്‍ സമനില വഴങ്ങി. ടോട്ടനം ഹോട്സ്പര്‍ തോറ്റു.

ബോണിമൗത്തിനെ ഒറ്റ ഗോളിന് തോല്‍പ്പിച്ചതോടെ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ യോഗ്യതയ്ക്കരികെയെത്തി. നാലാംസ്ഥാനത്ത് 69 പോയിന്റായി. അഞ്ചാമതുള്ള ലിവര്‍പൂള്‍ ആസ്റ്റണ്‍വില്ലയോട് 1–1ന് വഴങ്ങിയതാണ് യുണൈറ്റഡിന് തുണയായത്. 37 കളിയില്‍ 66 പോയിന്റാണ് ലിവര്‍പൂളിന്. ഒരു കളിയാണ് ബാക്കി. യുണൈറ്റഡിന് രണ്ടുമത്സരം ശേഷിക്കുന്നുണ്ട്. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്സ്പറിനെ ബ്രെന്റ്ഫോര്‍ഡ് 3–1ന് തകര്‍ത്തു. ലിവര്‍പൂള്‍ പകരക്കാരനായെത്തിയ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളിലാണ് വില്ലയെ പിടിച്ചത്. ടീം വിടുന്ന ബ്രസീലുകാരന്റെ ആന്‍ഫീല്‍ഡിലെ അവസാന മത്സരമായിരുന്നു ഇത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു