‘ഇന്ധനവില വര്‍ധനവില്‍ നട്ടംതിരിയുന്നവര്‍ക്ക് ആശ്വാസം നല്‍കാനുള്ള കാല്‍വെയ്പ്’; 10000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനമൂലം ദുരിതത്തിലായ സാധാരണക്കാര്‍ക്കുവേണ്ടി ഇലക്ടിക് ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി അനുവദിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി അനുവദിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഒന്നര കോടി രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശ അംഗീകരിച്ചെന്നാണ് വിവരം. ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നതെന്നും 10000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഊ വിവരങ്ങള്‍ പങ്കുവെച്ചത്.

ആന്റണി രാജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി അനുവദിച്ചു. ഒന്നര കോടി രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശ അംഗീകരിച്ചു. പുതിയ ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി നല്‍കുവാന്‍ ഒന്നര കോടി രുപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.കാലാവസ്ഥ വ്യതിയാനം നേരിടാന്‍ ലോകം മുഴുവന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അതിനോട് ചേര്‍ന്നു നീങ്ങാനുള്ള ചെറിയൊരു കാല്‍വയ്പാണിത്. കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധന മൂലം നട്ടം തിരിയുന്ന സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇതു മൂലം ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇ- വാഹനനയത്തില്‍ വാണിജ്യവാഹനങ്ങളില്‍ വൈദ്യുതി ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 10000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ ഒരു നോഡല്‍ ഓഫീസറെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top