Section

malabari-logo-mobile

തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

HIGHLIGHTS : Elections: A meeting of political parties was held

മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

വരുന്ന തിരഞ്ഞെടുപ്പില്‍ ആബ്സന്റീസ് വോട്ടേഴ്സിനും, സീനിയര്‍ സിറ്റിസണ്‍സിനും വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫോറം 12 ഡി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നതിനാല്‍ ഇവ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു.

sameeksha-malabarinews

പരസ്യ പ്രചരണ വേളയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍, ഉച്ചഭാഷിണിയുടെ ഉപയോഗത്തിന്റെ സമയക്രമം എന്നിവ പാലിക്കേണ്ടതാണെന്നും, പതിനാറ് വയസിന് താഴെയുള്ള കുട്ടികളെ പ്രചരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക, ജില്ലയിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗത്തില്‍ കളക്ടര്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതപരമായ ഇടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതും മീറ്റിംഗുകള്‍, റാലി എന്നിവക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും പ്രചരണാവശ്യാര്‍ത്ഥം ഉച്ചഭാഷിണികള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും ഇത്തരത്തിലുള്ള പല അനുമതികള്‍ക്കും ‘സുവിധ’ പോര്‍ട്ടല്‍ ഉപയോഗിക്കാമെന്നും കളക്ടര്‍ അറിയിച്ചു.

ജാതിയുടേയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ലാത്തതാണെന്നും മറ്റൊരു വിഭാഗത്തിന് പ്രകോപനമുണ്ടാകുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നും
തിരഞ്ഞെടുപ്പ് റേറ്റ് ചാര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കളക്ടര്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും നിരീക്ഷണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ബിന്ദു, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി സുന്ദരന്‍ (ബി.ജെ.പി), എം.കെ മുഹസിന്‍ (കോണ്‍ഗ്രസ്), വേണുഗോപാല്‍ (സി.പി.ഐ), നൗഷാദ് മണ്ണിശ്ശേരി (മുസ്ലിം ലീഗ്), പി മുഹമ്മദലി (ജെ.ഡി എസ്), പി. മുഹമ്മദ് ഇഷാക്ക് (ആര്‍.എസ്.പി), ടി. നന്ദകുമാര്‍ (ബി.എസ് പി ) ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!