Section

malabari-logo-mobile

തദ്ദേശതിരഞ്ഞെടുപ്പ്‌: നാളെ മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

HIGHLIGHTS : തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കുന്ന നവംബര്‍ 12 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമെന്ന്‌ സംസ്ഥാന തിരഞ്ഞെടു...

തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കുന്ന നവംബര്‍ 12 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമെന്ന്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍ അറിയിച്ചു.
തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെവേണം പത്രിക സമര്‍പ്പിക്കേണ്ടത്‌. നവംബര്‍ 12 മുതല്‍ 19 വരെ രാവിലെ 11 നും ഉച്ചയ്‌ക്ക്‌ശേഷം 3 നും ഇടക്കുള്ള സമയത്ത്‌ പത്രിക സമര്‍പ്പിക്കാവുന്നതാണ്‌. അവധി ഒഴികെയുള്ള ദിവസങ്ങളില്‍ വേണം പത്രിക സമര്‍പ്പിക്കേണ്ടത്‌.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ 2അ ഫാറവും പൂരിപ്പിച്ച്‌ നല്‍കേണ്ടതാണ്‌. ഓരോ ദിവസവും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളുടെ പട്ടികയോടൊപ്പം 2അ ഫാറവും വരണാധികാരികള്‍ പ്രസിദ്ധപ്പെടുത്തും.
ഒരു തദ്ദേശസ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടറായിരിക്കുകയും പത്രികസമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ്‌ പൂര്‍ത്തിയാകുകയും വേണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ ഒരു വോട്ടര്‍ ആയിരിക്കുകയും വേണം.
സംവരണ വാര്‍ഡില്‍ മത്സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ വില്ലേജ്‌ ഓഫീസറില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ്‌ കൂടി ഹാജരാക്കേണ്ടതാണ്‌.
സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഒരു സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ പാടില്ല. ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കുന്നതിന്‌ തടസ്സമില്ല.
പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന്‌ 1000 രൂപയും ബ്ലോക്ക്‌ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും, ജില്ലാപഞ്ചായത്തിനും കോര്‍പ്പറേഷനും 3000 രൂപയുമാണ്‌ അടയ്‌ക്കേണ്ടത്‌. പട്ടികജാതി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ പകുതി തുക നിക്ഷേപമായി നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയ രസീതോ ക്യാഷോ ഡെപ്പോസിറ്റായി നല്‍കാവുന്നതാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!